Asianet News MalayalamAsianet News Malayalam

തർക്കഭൂമിയില്‍ മാത്രം 5000 സിആർപിഎഫ് ഭടന്മാര്‍; യുപിയിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ

അയോധ്യകേസിലെ വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ ഡിസംബർ 10 വരെയാണ് നിരോധനാജ്ഞ.  

5,000 CRPF soldiers deployed in ayodhya disputed land; heavy Security in country
Author
Delhi, First Published Nov 9, 2019, 7:30 AM IST

ദില്ലി: അയോധ്യ കേസിൽ  ഇന്ന് സുപ്രീംകോടതി വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ തര്‍ക്കപ്രദേശം ഉള്‍പ്പെടുന്ന അയോധ്യയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 5000 സിആർപിഎഫ് ഭടന്മാരെയാണ് തർക്കഭൂമിയിൽ മാത്രം നിയോഗിച്ചിട്ടുള്ളത്. തർക്കഭൂമിക്ക് ഒന്നര കിലോമീറ്റർ മുൻപ് മുതൽ ആര്‍ക്കും പ്രവേശനമില്ല. 

ഇതോടൊപ്പം ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പ്രശ്നസാധ്യതകള്‍ മുന്നില്‍ കണ്ട് വേണ്ടി വന്നാൽ ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുമെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിംഗ് വ്യക്തമാക്കി. ജനങ്ങള്‍ ശാന്തരായി ഇരിക്കണമെന്ന മുഖ്യമന്ത്രി ആദിത്യനാഥും ആഹ്വാനം ചെയ്തു. സുപ്രീംകോടതിയിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതിയിലേക്കുള്ള റോഡുകൾ അടച്ചിരിക്കുകയാണ്. 

അയോധ്യകേസിലെ വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിലും ജമ്മു കശ്മീരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ ഡിസംബർ 10 വരെയാണ് നിരോധനാജ്ഞ.  സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടൊപ്പം ദില്ലിയിലും മധ്യപ്രദേശിലും സ്കൂളുകൾക്ക് അവധി ചിഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ദില്ലിയിലെ വസതിക്ക് മുന്നിൽ പോലീസ് സുരക്ഷ  വര്‍ധിപ്പിച്ചു. 

അയോധ്യ വിധി: കേരളത്തിലും ജാഗ്രത, കാസര്‍കോട് ചില മേഖലകളില്‍ നിരോധനാജ്ഞ

അയോധ്യ വിധി വരുന്ന പശ്ചാതലത്തിൽ സംസ്ഥാനത്തും അതീവ ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും ഡിജിപിയും ഗവർണറുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. വിധി എന്താണെങ്കിലും എല്ലാവരും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനിടെ കാസറഗോഡ് ജില്ലയിലെ 5 പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള ,കാസറഗോഡ് ഹൊസ്ദുർഗ് ,ചന്ദേര പോലീസ് സ്റ്റേഷൻ പരിധിയിലാണ് നിരോധനാജ്ഞ.

ചരിത്രവിധിക്ക് മണിക്കൂറുകള്‍ മാത്രം; രാജ്യം കനത്ത സുരക്ഷയില്‍

അതിർത്തികളിൽ കർശന പരിശോധനയോടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ബസ് സ്റ്റാൻകുളും റെയിൽവേ സ്റ്റേഷനുകളും നിരീക്ഷണത്തിലാണ്. കനത്ത ജാഗ്രത പാലിക്കാൻ സേനയ്ക്ക് നിർദേശം നൽകി. പ്രശ്നസാധ്യത മേഖലകളിൽ ആവശ്യമെങ്കിൽ ആളുകളെ കരുതൽ തടങ്കലിൽ പാർപ്പിക്കാനും നിർദ്ദേശം ഉണ്ട്. നവ മാധ്യമങ്ങളും നിരീക്ഷണത്തിലാണ്. മതസ്പർധയ്ക്കും സാമുദായിക സംഘർഷങ്ങൾക്കും ഇടയാക്കുന്ന തരത്തിൽ സന്ദേശം തയ്യാറാക്കുന്നവർക്കെതിരെയും പ്രചരിപ്പിക്കുന്നവർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തി നടപടിയെടുക്കും. മുൻകരുതൽ നടപടികൾ മുഖ്യമന്ത്രിയും ഡിജിപിയും ഗവർണറെ ബോധിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios