പെട്രോളിന്റെ മണം മനസിലായ 21കാരൻ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴേയ്ക്കും സുഹൃത്തുക്കൾ യുവാവിന് തീയിടുകയായിരുന്നു. വസ്ത്രത്തിൽ തീ പിടിച്ചതോടെ യുവാവ് രക്ഷയ്ക്കായി ഓടുകയായിരുന്നു.
കുർള: ജന്മദിന ആഘോഷത്തിന്റെ പേരിൽ ഉറ്റ സുഹൃത്തിനെ ജീവനോടെ തീയിട്ട് കൊല്ലാൻ ശ്രമിച്ച് യുവാക്കൾ. മുംബൈയിലെ കുർളയിൽ തിങ്കളാഴ്ച രാത്രിയാണ് നടുക്കുന്ന സംഭവമുണ്ടായത്. 21കാരനായ ഉറ്റസുഹൃത്തിനെയാണ് അഞ്ച് സുഹൃത്തുക്കൾ ചേർന്ന് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. കുർള നിവാസിയായ അബ്ദുൾ റഹ്മാൻ മഖ്‌സൂദ് ആലം ഖാന് ഗുരുതര പൊള്ളലേറ്റു. 21കാരൻ കുർളയിലെ ഭാഭ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പിറന്നാൾ കേക്ക് മുറിക്കാനെന്ന പേരിലാണ് യുവാവിനെ സുഹൃത്തുക്കൾ വിളിച്ച് വരുത്തിയത്. യുവാവ് കേക്ക് മുറിക്കാൻ തുടങ്ങിയതോടെയാണ് സുഹൃത്തുക്കൾ തങ്ങളുടെ ക്രൂരത ആരംഭിച്ചത്. രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം. സുഹൃത്തുക്കൾ കേക്ക് മുറിച്ചുകൊണ്ടിരുന്ന 21കാരനെതിരെ ആദ്യം തമാശയ്ക്ക് എന്ന പോലെ ചെറിയ കല്ലുകൾ എറിയാൻ തുടങ്ങി. പിന്നാലെ സുഹൃത്തുക്കളിലൊരാൾ യുവാവിന് നേർക്ക് കുപ്പിയിൽ കൊണ്ട് വന്ന പെട്രോൾ ഒഴിക്കുകയായിരുന്നു.
വസ്ത്രത്തിൽ തീ പടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ട് ആസ്വദിച്ച് ഉറ്റ സുഹൃത്തുക്കൾ
പെട്രോളിന്റെ മണം മനസിലായ 21കാരൻ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴേയ്ക്കും സുഹൃത്തുക്കൾ യുവാവിന് തീയിടുകയായിരുന്നു. വസ്ത്രത്തിൽ തീ പിടിച്ചതോടെ യുവാവ് രക്ഷയ്ക്കായി ഓടുകയായിരുന്നു. അടുത്ത കെട്ടിടത്തിലേക്ക് തീ പിടിച്ച നിലയിൽ എത്തിയ യുവാവ് കെട്ടിടത്തിലെ സെക്യൂരിറ്റിയുടെ സഹായത്തോടെ ശരീരത്തിലെ തീ അണയ്ക്കുകയായിരുന്നു. ഇതിനോടകം സുഹൃത്തുക്കൾ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയിരുന്നു. സമീപത്തെ കെട്ടിടത്തിൽ തളർന്ന് നിലത്തിരുന്ന 21 കാരനെ സുഹൃത്തുക്കളിലൊരാൾ പിന്നീട് ആശുപത്രിയിൽ എത്തിച്ചത്. രണ്ടാം വർഷ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ് ബിരുദ വിദ്യാർത്ഥിയാണ് 21കാരൻ. അയാസ് മാലിക്, അഷ്‌റഫ് മാലിക്, ഖാസിം ചൗധരി, ഹുസൈഫ ഖാൻ, ഷെരീഫ് ഷെയ്ഖ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 110 പ്രകാരം കുറ്റകരമായ നരഹത്യയ്ക്കുള്ള ശ്രമം എന്ന കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അയാസ് ആണ് യുവാവിന്റെ മേൽ പെട്രോൾ ഒഴിച്ചത്. അഷ്റഫ് എന്ന യുവാവാണ് ലൈറ്റർ ഉപയോഗിച്ച് യുവാവിന് തീയിട്ടത്. തീ അണഞ്ഞ ശേഷം ഹുസൈഫ തിരിച്ചെത്തിയാണ് യുവാവിനെ ആശുപത്രിയിലാക്കിയത്. മുംബൈയില ഗുരുനാനാക് ഖൽസ കോളേജിലാണ് യുവാവ് പഠിക്കുന്നത്. മുഖം, മുടി, നെഞ്ച്, കൈകൾ, വലത് കൈപ്പത്തി എന്നിവിടങ്ങളിലാണ് യുവാവിന് പൊള്ളലേറ്റിട്ടുള്ളത്. താൻ പൊള്ളലേറ്റ് ജീവനുവേണ്ടി ഓടുന്നത് കണ്ട് സുഹൃത്തുക്കൾ ആസ്വദിച്ചുവെന്നാണ് യുവാവ് പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.


