മറാത്ത പേഷ്വാകളും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും 1818ല്‍ ഭീമ കൊറേഗാവില്‍ നടന്ന യുദ്ധത്തില്‍ ദലിത് വിഭാഗമായ മഹര്‍ സമുദായം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ സഹായിക്കുകയും പേഷ്വാകളെ തോല്‍പ്പിക്കുകയും ചെയ്തു. കടുത്ത ജാതി വിവേചനം നേരിടുന്ന മഹര്‍ സമുദായം ഉന്നതജാതിക്കാര്‍ക്കെതിരെ നേടിയ വിജയമായിട്ടാണ് ഭീമ കൊറേഗാവ് യുദ്ധത്തെ അനുസ്മരിക്കുന്നത്.

പുണെ: ഭീമ കൊറേഗാവ് അനുസ്മരണ ദിനത്തില്‍ അഞ്ച് ലക്ഷം ദലിതുകള്‍ ഒത്തുചേര്‍ന്നു. 1818 ലെ ബ്രിട്ടീഷ്-മറാത്ത യുദ്ധ സ്മരണാര്‍ഥമാണ് കൊറേഗാവില്‍ ലക്ഷങ്ങള്‍ അണിനിരന്നത്. രണ്ട് വര്‍ഷം മുമ്പ് ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് ഇക്കുറി അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. പ്രദേശത്തെ ഇന്‍റര്‍നെറ്റ് റദ്ദാക്കുകയും 10000 പൊലീസുകാരെ നിയോഗിക്കുകയും ചെയ്തു. കനത്ത സുരക്ഷയാണ് പരിപാടിക്ക് ഒരുക്കിയതെന്ന് കോലാപൂര്‍ സ്പെഷല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ സുഹാസ് വാഡ്കെ വ്യക്തമാക്കി. ഉപമുഖ്യമന്ത്രി അജിത് പവാര്‍, ദലിത് നേതാവ് പ്രകാശം അംബേദ്കര്‍ എന്നിവര്‍ യുദ്ധ സ്മാരകത്തിലെത്തി പുഷ്പാഞ്ജലി അര്‍പ്പിച്ചു. കൂടുതല്‍ സംസ്ഥാന-കേന്ദ്ര നേതാക്കള്‍ പരിപാടിക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്നും സംഘാടകര്‍ അറിയിച്ചു. 

മറാത്ത പേഷ്വാകളും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും 1818ല്‍ ഭീമ കൊറേഗാവില്‍ നടന്ന യുദ്ധത്തില്‍ ദലിത് വിഭാഗമായ മഹര്‍ സമുദായം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ സഹായിക്കുകയും പേഷ്വാകളെ തോല്‍പ്പിക്കുകയും ചെയ്തു. കടുത്ത ജാതി വിവേചനം നേരിടുന്ന മഹര്‍ സമുദായം ഉന്നതജാതിക്കാര്‍ക്കെതിരെ നേടിയ വിജയമായിട്ടാണ് ഭീമ കൊറേഗാവ് യുദ്ധത്തെ അനുസ്മരിക്കുന്നത്. ജനുവരി ഒന്ന് ജയ് സ്തംഭ് ദിനമായാണ് മഹറുകള്‍ ആഘോഷിക്കുന്നത്. 

2018ല്‍ നടന്ന അനുസ്മരണ ആഘോഷത്തിനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നിരുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണ സാധ്യതയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ കനത്ത സുരക്ഷ ഒരുക്കിയത്.