കുട്ടിയെ ആശുപത്രിയിലേക്ക് ബസിൽ കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില വഷളാകുകയായിരുന്നു
ഹൈദരാബാദ്: തെരുവുനായ്ക്കളുടെ കടിയേറ്റ അഞ്ച് വയസ്സുകാരൻ പേവിഷ ബാധ മൂലം മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലെ പുട്ടാണി തണ്ട സ്വദേശിയായ ബാനോത് ഭരത് (5) ആണ് മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് റോഡിൽ കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ്ക്കൾ ആക്രമിച്ചത്. ഞായറാഴ്ച കുട്ടിക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. ഇതിന് പിന്നാലെ വീട്ടുകാർ കുട്ടിയെ ഖമ്മത്തെ ആശുപത്രിയിലെത്തിച്ചപ്പോൾ അടിയന്തരമായി ചികിത്സയ്ക്ക് ഹൈദരാബാദിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ തിങ്കളാഴ്ച കുട്ടിയെ ആശുപത്രിയിലേക്ക് ബസിൽ കൊണ്ടുപോകുന്നതിനിടെ ആരോഗ്യനില വഷളാകുകയായിരുന്നു. കുട്ടി ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു എന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുകയും ചെയ്തു.
പ്ലംബിംഗ് പണിക്ക് വീട്ടിലെത്തി, ആളില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി കോഴിക്കോട് പിടിയിൽ
സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ബാനോത് ഭരത്. നേരത്തെ ഹൈദരാബാദിൽ തെരുവ് നായ്ക്കൾ നാല് വയസ്സുകാരനെ കടിച്ചുകൊന്നിരുന്നു. ഖമ്മത്തും വിക്രാബാദിലുമായി തെരുവു നായ്ക്കളുടെ ആക്രമണം വല്ലാതെ കൂടിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തെരുവ് നായ ശല്യം കുറയ്ക്കാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

ഫെബ്രുവരിയിൽ ജീവൻ നഷ്ടമായത് പ്രദീപ് എന്ന നാല് വയസുകാരന്
ഹൈദരാബാദിലെ അംബേർപേട്ടിലാണ് ഫെബ്രുവരി മാസത്തിൽ നാല് വയസ്സുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നത്. അംബേർപേട്ട് സ്വദേശിയായ പ്രദീപ് ആണ് അന്ന് തെരുവ് നായ ആക്രമണത്തിൽ മരിച്ചത്. അച്ഛൻ ജോലിക്ക് പോകാനിറങ്ങിയപ്പോൾ കൂടെ പുറത്തേക്കിറങ്ങിയതായിരുന്നു കുട്ടി. അച്ഛൻ പോയ ശേഷം തിരികെ നടന്ന് വരുമ്പോഴാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. കുട്ടി നായ്ക്കളിൽ നിന്ന് ഓടി രക്ഷപ്പെടാൻ നോക്കുമ്പോൾ നായ്ക്കൾ കൂട്ടം കൂടി ആക്രമിച്ച് നിലത്ത് വീഴ്ത്തുകയായിരുന്നു. ശേഷം നിലത്ത് വീണ് കിടന്ന കുട്ടിയെ തെരുവ് നായ്ക്കൂട്ടം കടിച്ച് കീറുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചു. പല തവണ പരാതി നൽകിയിട്ടും സ്ഥലത്തെ തെരുവുനായ ശല്യം നിയന്ത്രിക്കാൻ നടപടിയുണ്ടാവാത്തതിൽ പ്രതിഷേധം ശക്തമാണ്.
