മധ്യപ്രദേശിൽ അമ്പതോളം പശുക്കളെ പാലത്തിന് മുകളിൽ നിന്ന് നദിയിലേക്കെറിഞ്ഞു, 20 എണ്ണം ചത്തു
ബാംഹോറിനടുത്തുള്ള റെയിൽവേ പാലത്തിന് താഴെയുള്ള സത്‌ന നദിയിലേക്ക് പശുക്കളെ ചിലർ എറിയുന്ന വീഡിയോയാണ് പുറത്തുവന്നത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി.
സത്‌ന: മധ്യപ്രദേശിലെ സത്‌ന ജില്ലയിൽ നിരവധി പശുക്കളെ ഒരു സംഘമാളുകൾ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഏകദേശം അമ്പതോളം പശുക്കളെ എറിഞ്ഞെന്നാണ് റിപ്പോർട്ട്. ഇതിൽ ഇരുപതോളം പശുക്കൾ ചത്തു. സംഭവത്തിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. നാഗോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ബാംഹോറിനടുത്തുള്ള റെയിൽവേ പാലത്തിന് താഴെയുള്ള സത്‌ന നദിയിലേക്ക് പശുക്കളെ ചിലർ എറിയുന്ന വീഡിയോയാണ് പുറത്തുവന്നത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി.
ബീറ്റാ ബാഗ്രി, രവി ബാഗ്രി, രാംപാൽ ചൗധരി, രാജ്‌ലു ചൗധരി തുടങ്ങി നാല് പേർക്കെതിരെ മധ്യപ്രദേശ് ഗോവർധന നിരോധന നിയമപ്രകാരം കേസെടുത്തു. മറ്റു പശുക്കളെ രക്ഷിച്ച് കരയിലെത്തിച്ചു. നദിയിലേക്ക് വലിച്ചെഞ്ഞ പശുക്കളുടെ കൃത്യമായ എണ്ണവും മരണസംഖ്യയും അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.