കൊൽക്കത്ത: വീണ്ടും വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. അമ്പതുലക്ഷം മുസ്ലീംകളെ തിരിച്ചറിയുകയും ആവശ്യമെങ്കിൽ അവരെ രാജ്യത്തുനിന്ന് തുരത്തുകയും ചെയ്യുമെന്ന് ദിലീപ് ഘോഷ് പറഞ്ഞു. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യും. പിന്നെ ദീദിക്ക്(മമതാ ബാനര്‍ജി) ആരെയും പ്രീതിപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം പൊതുമുതൽ നശിപ്പിക്കുന്നവരെ നായ്ക്കളെ പോലെ വെടിവച്ചു കൊല്ലണമെന്ന ദിലീപ് ഘോഷിന്റെ പ്രസ്താവന വിവാദങ്ങൾക്കും രൂക്ഷവിമർശനങ്ങൾക്കും വഴിവച്ചിരുന്നു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു ദിലീപ് ഘോഷിന്റെ വിവാദം പരാമർ‌ശം.

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ റെയിൽ‌വേ സ്വത്തുക്കളും പൊതുഗതാഗതവും നശിപ്പിക്കുന്നവർക്കെതിരെ മുഖ്യമന്ത്രി മമത ബാനർജി നടപടി എടുത്തില്ലെന്നും അവരുടെ നേർക്ക് വെടിയുതിർക്കാനും ലാത്തി പ്രയോ​ഗിക്കാനും മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി.

Read More: 'പൊതുമുതൽ നശിപ്പിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കണം'; വിവാദ പരാമർശവുമായി ബം​ഗാൾ ബിജെപി പ്രസിഡന്റ്

ഇതുകൂടാതെ, ബംഗാളില്‍ അനധികൃതമായി കുടിയേറിയ ഒരുകോടി ബംഗ്ലാദേശികളെ പുറത്താക്കുമെന്നും ദിലീപ് ഘോഷ് പ്രഖ്യാപിച്ചിരുന്നു. ദേശീയ പൗരത്വ പട്ടിക നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും ബംഗാളിലെ ഒരു കോടി ബംഗ്ലാദേശികളെ തിരിച്ചയക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. 24 നോര്‍ത്ത് പര്‍ഗണാസ് ജില്ലയില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More: സബ്സിഡി അരി ഭക്ഷിച്ച് കുടിയേറ്റ മുസ്ലീങ്ങള്‍ കൊഴുക്കുന്നു, ഒരുകോടി ബംഗ്ലാദേശികളെ പുറത്താക്കും-ബിജെപി നേതാവ്

ബംഗാളിലെ അനധികൃത മുസ്ലീങ്ങള്‍ സര്‍ക്കാറിന്‍റെ രണ്ട് രൂപ സബ്സിഡി അരി തിന്ന് കൊഴുക്കുകയാണ്. അവരെ ഞങ്ങള്‍ തിരിച്ചയക്കും. സംസ്ഥാനത്തെ മുഴുവന്‍ പ്രശ്നങ്ങള്‍ക്കും ഇവരാണ് കാരണം. മതാടിസ്ഥാനത്തില്‍ ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ പശ്ചാതാപമില്ല. സിഎഎ എതിര്‍ക്കുന്നവര്‍ ഇന്ത്യാ വിരുദ്ധരും ബംഗാള്‍ വിരുദ്ധരുമാണ്. ഇന്ത്യ എന്ന ആശയത്തിന് എതിര് നില്‍ക്കുന്നവരാണ് സിഎഎയെ എതിര്‍ക്കുന്നത്. ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിനെയും അവര്‍ എതിര്‍ക്കുന്നു. അനധികൃതമായി കുടിയേറിയ മുസ്ലീങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവര്‍ ഹിന്ദുക്കളെ പരിഗണിക്കുന്നില്ല. ഇക്കാര്യത്തില്‍ ഇവര്‍ക്ക് ഇരട്ടത്താപ്പാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ പാര്‍ട്ടി 50 സീറ്റിലൊതുങ്ങുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.