ചെന്നൈ: തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപം നിധിശേഖരം കണ്ടെത്തി. 1.716 കിലോ​ഗ്രാം ഭാരമുള്ള 505 സ്വർണ്ണനാണയങ്ങളാണ് കണ്ടെത്തിയത്. 504 ചെറിയ സ്വർണ്ണനായണങ്ങളും ഒരു വലിയ നാണയവുമായിരുന്നു ബുധനാഴ്ച കണ്ടെത്തിയ നിധിശേഖരത്തിൽ ഉണ്ടായിരുന്നത്.

ക്ഷേത്രത്തിന് സമീപം കുഴി എടുക്കുന്നതിനിടെയായിരുന്നു നാണയ ശേഖരം കണ്ടെത്തിയത്. ഏഴടി താഴ്ചയില്‍ പാത്രത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു നാണയങ്ങളെന്ന് ക്ഷേത്ര അധികൃതർ പറഞ്ഞു. എഡി 1000- 1200 കാലഘട്ടത്തിലെ നാണയങ്ങളാണ് കണ്ടെത്തിയതെന്നും നാണയങ്ങളില്‍ അറബി ലിപിയില്‍ അക്ഷരങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

കണ്ടെടുത്ത നാണയ ശേഖരങ്ങള്‍ ക്ഷേത്ര അധികൃതര്‍ പൊലീസിന് കൈമാറി. കൂടുതൽ പരിശോധനയ്ക്കായി നാണയമടങ്ങിയ പാത്രം ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.