വനംവകുപ്പ് സംഘം നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. സാദിന്‍ നര്‍സാരി അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് വനംവകുപ്പ് ഇയാളുടെ വീട്ടില്‍ എത്തുകയായിരുന്നു.
ഗുവാഹത്തി: 13 കിലോ ഭാരമുള്ള ആനക്കൊമ്പുകളുമായി 54 കാരന്‍ പിടിയില്‍. അസാമിലെ ഉദല്‍ഗുരി ജില്ലയില്‍ നിന്നാണ് അനധികൃതമായി ആനക്കൊമ്പ് കൈവശം വെച്ചതിന് സാദിന്‍ നര്‍സാരി എന്നയാളെ അറസ്റ്റ് ചെയ്തത്. രണ്ട് ആനക്കൊമ്പുകളാണ് ഇയാള്‍ കൈവശം വെച്ചിരുന്നത്. ഇയാളുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണും ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ടെന്ന് മനസ് നാഷണൽ പാർക്ക് ആന്‍റ് ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ സി രമേഷ് പറഞ്ഞു.
മാനസ് ടൈഗർ പ്രോജക്ട് ഡെപ്യൂട്ടി ഫീൽഡ് ഡയറക്ടർ ശശിധർ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം ഇന്നലെ നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. സാദിന്‍ നര്‍സാരി അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട്ടില്‍ എത്തുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ 13 കിലോ ഭാരമുള്ള ആനക്കൊമ്പ് പിടിച്ചെടുത്തു.
നര്‍സാരിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത വാഹനം അയാളുടെ സുഹൃത്തിന്‍റേതാണ്. മറ്റൊരു ക്രിമിനല്‍ കേസില്‍ പ്രതിയായ അയാള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
