രേഖയുടെ ഭർത്താവ് കാവ്ര കൽബെലിയ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വിവരിച്ചു. സ്വന്തമായി ഒരു വീടില്ലാത്തതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജയ്പൂർ: 55ാമത്തെ വയസ്സിൽ പതിനേഴാമത്തെ കുഞ്ഞിന് ജന്മം നൽകി സ്ത്രീ. രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശയായ രേഖ ഗാൽബെലിയ എന്ന സ്ത്രീയാണ് തന്റെ 17-ാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. നാല് ആൺമക്കളും ഒരു മകളും ജനിച്ചയുടനെ മരിച്ചു. അവരുടെ ജീവിച്ചിരിക്കുന്ന കുട്ടികളിൽ അഞ്ച് പേർ വിവാഹിതരായി. കടുത്ത ദാരിദ്ര്യത്തിലാണെന്ന് രേഖയുടെ മകൾ ഷില കൽബെലിയ പറഞ്ഞു. ഞങ്ങൾക്കെല്ലാവർക്കും വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. ഞങ്ങളുടെ അമ്മയ്ക്ക് ഇത്രയധികം കുട്ടികളുണ്ടെന്ന് കേട്ടപ്പോൾ എല്ലാവരും ഞെട്ടിപ്പോയെന്നും അവർ പറഞ്ഞു.
രേഖയുടെ ഭർത്താവ് കാവ്ര കൽബെലിയ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വിവരിച്ചു. സ്വന്തമായി ഒരു വീടില്ലാത്തതിനാൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കുട്ടികളെ പോറ്റാൻ, 20 ശതമാനം പലിശയ്ക്ക് പണമിടപാടുകാരിൽ നിന്ന് പണം കടം വാങ്ങേണ്ടി വന്നു. ലക്ഷക്കണക്കിന് രൂപ ഞാൻ തിരിച്ചടച്ചു, പക്ഷേ വായ്പയുടെ പലിശ ഇപ്പോഴും പൂർണ്ണമായും അടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യം ശേഖരിച്ച് ജീവിക്കുന്ന ഈ കുടുംബത്തിന് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും കഴിയുന്നില്ല. പ്രധാനമന്ത്രി ആവാസ് പദ്ധതി പ്രകാരം ഒരു വീട് അനുവദിച്ചെങ്കിലും, ഭൂമി ഞങ്ങളുടെ പേരിലല്ലാത്തതിനാൽ ഇപ്പോഴും വീടില്ലാത്തവരായി തുടരുന്നു. ഭക്ഷണത്തിനോ വിവാഹത്തിനോ വിദ്യാഭ്യാസത്തിനോ ആവശ്യമായ പണമില്ല. ഈ പ്രശ്നങ്ങൾ ഞങ്ങളെ എല്ലാ ദിവസവും അലട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രേഖയുടെ മെഡിക്കൽ ചരിത്രം കുടുംബം ആദ്യം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ജാഡോൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഗൈനക്കോളജിസ്റ്റായ റോഷൻ ദരംഗി പറഞ്ഞു. രേഖയെ പ്രവേശിപ്പിച്ചപ്പോൾ, ഇത് അവരുടെ നാലാമത്തെ കുട്ടിയാണെന്ന് കുടുംബം ഞങ്ങളോട് പറഞ്ഞു. പിന്നീട്, ഇത് അവരുടെ 17-ാമത്തെ കുട്ടിയാണെന്ന് വെളിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
