തിരുവനന്തപുരത്തിന് നേട്ടം! ഇന്ത്യക്കകത്ത് ഇനി കൂടുതൽ പറക്കാം, എയര്‍ ഇന്ത്യ എക്സ്പ്രസ് വക 6 പുതിയ സര്‍വീസുകൾ
യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് തിരുവനന്തപുരം - ചെന്നൈ റൂട്ടില്‍ ആഴ്‌ച തോറുമുണ്ടായിരുന്ന സര്‍വീസുകളുടെ എണ്ണം രണ്ടില്‍ നിന്നും ഒന്‍പതായും വര്‍ധിപ്പിച്ചു. ദിവസവും വൈകിട്ട്...
കൊച്ചി: ആഭ്യന്തര റൂട്ടുകളിലെ സാന്നിധ്യം കൂടുതല്‍ മെച്ചപ്പെടുത്താനായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് ഒറ്റ ദിവസം ആറ് പുതിയ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിച്ചു. തിരുവനന്തപുരം - ചെന്നൈ, ചെന്നൈ - ഭുവനേശ്വര്‍, ചെന്നൈ - ബാഗ്‌ഡോഗ്ര, കൊല്‍ക്കത്ത - വാരണാസി, കൊല്‍ക്കത്ത - ഗുവാഹത്തി, ഗുവാഹത്തി - ജയ്‌പൂര്‍ എന്നീ റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്.
ഇതില്‍ ഗുവാഹത്തി - ജയ്‌പൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് മാത്രമാണ് നേരിട്ടുള്ള വിമാന സര്‍വീസ് നടത്തുന്നത്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് തിരുവനന്തപുരം - ചെന്നൈ റൂട്ടില്‍ ആഴ്‌ച തോറുമുണ്ടായിരുന്ന സര്‍വീസുകളുടെ എണ്ണം രണ്ടില്‍ നിന്നും ഒന്‍പതായും വര്‍ധിപ്പിച്ചു. ദിവസവും വൈകിട്ട് 6.50 ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട് 8.20 ന് തിരുവനന്തപുരത്തും തിരികെ രാത്രി 8.50 ന് പുറപ്പെട്ട് 10.20 ന് ചെന്നൈയിലും എത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.
ആഴ്ച തോറും ആകെ 73 വിമാന സർവീസുകളാണ് തിരുവനന്തപുരത്ത് നിന്നും എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. ആഭ്യന്തര - അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി 12 നേരിട്ടുള്ള സര്‍വീസുകളും 23 വണ്‍ സ്റ്റോപ് സർവീസുകളും ഉൾപ്പടെയാണിത്.
അബുദാബി, ബഹ്‌റൈന്‍, ബെംഗളൂരു, കണ്ണൂർ, ദമാം, ദുബായ്, ദോഹ, ഹൈദരാബാദ്, ചെന്നൈ, മസ്‌ക്കറ്റ്, റിയാദ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് നേരിട്ടും അയോധ്യ, ഭുവനേശ്വര്‍, മുംബൈ, കോഴിക്കോട്, കൊല്‍ക്കത്ത, കൊച്ചി, ഡെല്‍ഹി, ഗുവാഹത്തി, ഗോവ, ഗ്വാളിയര്‍, ഇൻഡോർ, ബാഗ്‌ഡോഗ്ര, മംഗളൂരു, റാഞ്ചി, ജയ്‌പൂര്‍, ജിദ്ദ, ലഖ്‌നൗ, പൂണെ, സിംഗപ്പൂർ, സൂറത്ത്, വിജയവാഡ, വാരാണസി, വിശാഖപട്ടണം, എന്നിവിടങ്ങളിലേക്ക് തിരുവനന്തപുരത്ത് നിന്നും വണ്‍ സ്റ്റോപ് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്.
ചെന്നൈയിൽ നിന്നും തിരുവനന്തപുരം, ഭുവനേശ്വര്‍, ബെംഗളൂരു, കൊൽക്കത്ത, ദമാം, ഗുവാഹത്തി, ഹൈദരാബാദ്, ബാഗ്‌ഡോഗ്ര, കുവൈറ്റ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് നേരിട്ടും അമൃത്സർ, അബുദാബി, ഭുവനേശ്വര്‍, ബഹ്‌റൈന്‍, മുംബൈ, കോഴിക്കോട്, കണ്ണൂർ, കൊച്ചി, ഡെൽഹി, ദുബായ്, ഗോവ, ഗ്വാളിയര്‍, ഇംഫാൽ, അഗർത്തല, മംഗളൂരു, റാഞ്ചി, ജയ്‌പൂര്‍, ലഖ്‌നൗ, മസ്‌ക്കറ്റ്, പുണെ, സൂറത്ത്, വിജയവാഡ, വാരാണസി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് വണ്‍ സ്റ്റോപ് സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിനുണ്ട്. ചെന്നൈയിൽ നിന്നും ആഴ്ച തോറും 79 വിമാന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം