ലക്നൗ: തന്‍റെ ഗ്രാമത്തിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ച ബസ് കാത്തുനില്‍ക്കെ അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ച് ആറുവയസ്സുകാരി മരിച്ചു. രക്ഷിതാക്കള്‍ക്കൊപ്പം മെയ്ന്‍പൂരി ജില്ലയില്‍ നിന്ന് സിതാപൂര്‍ ജില്ലയിലെ ഗ്രാമത്തിലേക്ക് പോകാന്‍ നില്‍ക്കുകയായിരുന്നു കുട്ടി. 

ഹരിയാനയിലാണ് കുട്ടിയുടെ അച്ഛനും അമ്മയും ജോലി ചെയ്യുന്നത്. തിങ്കളാഴ്ച ഹരിയാനയില്‍ നിന്ന് കുടുംബം ഉത്തര്‍പ്രദേശിലെത്താന്‍ ഒരു ട്രക്കില്‍ കയറുകയായിരുന്നു. ഗ്രാമത്തിന് സമീപം ഇറങ്ങാമെന്ന് കരുതിയെങ്കിലും അതിര്‍ത്തിയില്‍ വച്ച് ട്രക്ക് പൊലീസ് തടഞ്ഞു. തുടര്‍ന്ന് ഇവരെ അതിര്‍ത്തിയില്‍ ഇറക്കി. സര്‍ക്കാര്‍ ബസ് ഒരുക്കിയിട്ടുണ്ടെന്നും ഉടന്‍ വരുമെന്നും പറഞ്ഞ പൊലീസ് കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

ഇതോടെ റോഡിന് ഒരു വശത്തായി ബസ് കാത്തിരിക്കുകയായിരുന്നു ഈ കുടുംബം. പെട്ടന്ന് അമിത വേഗതയില്‍വന്ന ട്രക്ക് ആറുവയസ്സുകാരി പ്രിയങ്കയെ ഇടിച്ചുതെറിപ്പിച്ചു. തൊട്ടടുത്തുള്ള ക്വാറിയില്‍ നിന്ന് കല്ലുമായി പോകുകയായിരുന്നു ട്രക്ക്. ''ലോക്ക്ഡൗണ്‍ ജീവിതം തകര്‍ത്തതോടെ എങ്ങനെയും നാട്ടിലേത്താനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയാണ് ഒരു ട്രക്കില്‍ കയറി പോന്നത്.'' പ്രിയങ്കയുടെ അച്ഛന്‍ ശിവ്കുമാര്‍ പറഞ്ഞു.