കൊപ്പല്‍: മദ്യപിച്ച് അവശയായി ആശുപത്രിയിലായ അമ്മയ്ക്ക് വേണ്ടി ഭിക്ഷ യാചിച്ച് ആറുവയസുകാരി മകള്‍. കര്‍ണാടകയിലെ കൊപ്പലിലാണ് ദാരുണ സംഭവം. മദ്യപാനത്തിന് അടിമയായി അവശയായ അമ്മ ആശുപത്രിയിലായതോടെയാണ് ആറുവയസുകാരി ഭക്ഷണത്തിന് വേണ്ടി ഭിക്ഷ യാചിക്കാനിറങ്ങിയത്. 

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ആറു വയസുകാരിയെ സംസ്ഥാന ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. കുട്ടിയുടെ അമ്മയുടെ ചികിത്സയും ശിശു സംരക്ഷണ സമിതി വഹിക്കും. തെരുവില്‍ ഭക്ഷണത്തിനായി ഭിക്ഷ യാചിക്കുന്ന കുട്ടിയുടെ ചിത്രം കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. 

ജനുവരിയില്‍ പൂര്‍ണ മദ്യനിരോധനം ആവശ്യപ്പെട്ട് കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ സ്ത്രീകള്‍ പ്രകടനം നടത്തിയിരുന്നു. മദ്യത്തിന്റെ അമിത ഉപയോഗം കുടുംബങ്ങളെ ശിഥിലമാക്കുന്ന കാഴ്ചകളിലേക്കാണ് ആറുവയസുകാരിയുടെ അനുഭവം വിരല്‍ചൂണ്ടുന്നത്. പുരുഷന്മാര്‍ക്ക് പുറമേ സ്ത്രീകളും വലിയ തോതില്‍ മദ്യത്തിന് അടിമകളാവുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.