Asianet News MalayalamAsianet News Malayalam

4 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടായത് വന്‍ വര്‍ധന

കടുവകളുടേയും, സിംഹത്തിന്‍റേയും എണ്ണത്തില്‍ സമാനമായ വര്‍ധനയുണ്ടാവുമെന്നാണ് നിരീക്ഷിക്കുന്നതെന്ന് കേന്ദ്രമന്ത്രി 

60 percentage increase in number of leopards in india
Author
New Delhi, First Published Dec 22, 2020, 10:15 AM IST

ദില്ലി: രാജ്യത്തെ പുള്ളിപ്പുലികളുടെ എണ്ണത്തില്‍ അറുപത് ശതമാനം വര്‍ധന. നാലുവര്‍ഷത്തിനിടയിലാണ് ഈ വര്‍ധന. 2014 ല്‍ 8000 പുള്ളിപ്പുലികള്‍ ഉണ്ടായിരുന്നത് 2018ല്‍ 12852ആയിയെന്നാണ് വനംമന്ത്രി പ്രകാശ് ജാവദേക്കര്‍ തിങ്കളാഴ്ച അറിയിച്ചത്. 2018ലെ രാജ്യത്തെ പുള്ളിപ്പുലികളുടെ എണ്ണപ്പട്ടിക പുറത്ത് വിട്ട് സംസാരിക്കുകയായിരുന്നു. കടുവകളുടേയും, സിംഹത്തിന്‍റേയും എണ്ണത്തില്‍ സമാനമായ വര്‍ധനയുണ്ടാവുമെന്നാണ് നിരീക്ഷിക്കുന്നതെന്നാണ് കേന്ദ്രമന്ത്രി വിശദമാക്കുന്നത്. 

ക്യാമറട്രാപ്പിംഗ് രീതി ഉപയോഗിച്ചാണ് കണക്കുകള്‍ എടുത്തത്. മധ്യപ്രദേശിലാണ് എറ്റവുമധികം പുള്ളിപ്പുലികളെ കണ്ടെത്തിയത്. 3421 പുള്ളിപ്പുലികളേയാണ് മധ്യപ്രദേശില്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ 1783ഉം മഹാരാഷ്ട്രയില്‍ 1690ഉം പുള്ളിപ്പുലികളെ കണ്ടെത്തി. വിവിധ ജീവികളുടെ എണ്ണത്തില്‍ ഏഷ്യയില്‍ 83 മുതല്‍ 87 വരെ കുറവുണ്ടെന്ന് വിലയിരുത്തുമ്പോഴാണ് രാജ്യത്തെ ഈ നേട്ടം. വേട്ടയാടലും വാസസ്ഥലങ്ങളുടെ നഷ്ടവും സ്വാഭാവിക ആവാസ വ്യവസ്ഥയിലും ഇര തേടലിലും നേരിടുന്ന വ്യതിയാനമാണ് ഇവയുടെ വംശവര്‍ധനയെ സാരമായി ബാധിക്കുന്നത്. വംശനാശ ഭീഷണിയോട് ചേര്‍ന്നുള്ളവയെന്ന കണക്കിലാണ് ഐയുസിഎന്‍ പട്ടികയില്‍ പുള്ളിപ്പുലിയെ വിശേഷിപ്പിക്കുന്നത്. 

മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഒഡിഷ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 8071 പുള്ളിപ്പുലികളുണ്ട്. കര്‍ണാടക, തമിഴ്നാട്, ഗോവ , കേരളം എന്നിവിടങ്ങളിലായി 3387 പുള്ളിപ്പുലികളാണ് ഉള്ളത്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളിലായി 1253 പുള്ളിപ്പുലികളുണ്ട്. എന്നാല്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ 141 പുള്ളിപ്പുലികളെ മാത്രമാണ് കണ്ടെത്താനായത്. 

Follow Us:
Download App:
  • android
  • ios