ഹെൽമറ്റ് ഊരി മകന് കുത്തേറ്റതായി പറഞ്ഞ സ്ഥലം നോക്കുന്നതിനിടെ കൂട്ടമായി എത്തിയ തേനീച്ചകൾ 62കാരന്റെ മുഖത്ത് 890 തവണയാണ് കുത്തിയത്
കൊൽക്കത്ത: മകനുമൊന്നിച്ച് ബൈക്കിൽ പോകുന്നതിനിടെ 62 കാരനെ വളഞ്ഞിട്ട് ആക്രമിച്ച് തേനീച്ച കൂട്ടം. മുഖത്തും തലയിലുമായി 890ലേറെ തേനീച്ച കുത്തുകളേറ്റ വയോധികന് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ദുർഗാപൂരിലാണ് സംഭവം. മുൻ പ്രധാന അധ്യാപകനായ നിർമ്മൽ ദത്ത എന്നയാളാണ് തേനീച്ച കുത്തേറ്റ് കൊല്ലപ്പെട്ടത്. ദുർഗാപൂറിലെ ആർ ഇ മോഡൽ സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്നു നിർമ്മൽ ദത്ത. ദുർഗാപൂരിലെ സുകാന്തപ്പള്ളിയിലാണ് 62കാരന്റെ വീട്. ദുർഗാപൂരിൽ നിന്ന് വീട്ടിലേക്ക് ഡോക്ടർ കൂടിയായ മകനൊപ്പം പോകുമ്പോഴാണ് വയോധികനെ തേനീച്ച ആക്രമിച്ചത്. മേജർ പാർക്കിന് സമീപത്ത് വച്ച് 62കാരന്റെ കഴുത്തിലായി എന്തോ കുത്തിയത് പോലെ തോന്നി. ഇതോടെ ഇവർ ബൈക്ക് നിർത്തി എന്താണ് സംഭവമെന്ന് പരിശോധിക്കാൻ നോക്കുന്നതിനിടെയാണ് 62കാരനെ തേനീച്ച വളഞ്ഞിട്ട് കുത്തിയത്. നിർമ്മൽ ദത്ത ഹെൽമറ്റ് ഊരി മകന് കുത്തേറ്റതായി പറഞ്ഞ സ്ഥലം നോക്കുന്നതിനിടെ കൂട്ടമായി എത്തിയ തേനീച്ചകൾ 62കാരന്റെ മുഖത്ത് 890 തവണയാണ് കുത്തിയത്. ഇതോടെ വയോധികൻ റോഡിൽ കുഴഞ്ഞ് വീണു. പിന്നാലെ മകനെയും തേനീച്ച ആക്രമിച്ചു. ഇയാൾ സഹായത്തിനായി നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. ഏറെ വൈകിയാണ് സംഭവ സ്ഥലത്ത് പൊലീസ് എത്തിയത്. പൊലീസ് പരിക്കേറ്റവരെ പുതപ്പുകളിൽ പൊതിഞ്ഞ് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മകനെ രക്ഷിക്കാൻ ചികിത്സയ്ക്ക് കഴിഞ്ഞെങ്കിലും വയോധികൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. പാർക്കിലെ മരത്തിലുണ്ടായിരുന്ന കൂട്ടിൽ പക്ഷി തട്ടിയതോടെയാണ് തേനീച്ച കൂട്ടം ഇളകിയതെന്നാണ് ദൃക്സാക്ഷികൾ വിശദമാക്കുന്നത്.
പ്രാണികൾ ആക്രമിച്ചാൽ ഇക്കാര്യം ശ്രദ്ധിക്കുക
തേനീച്ച, കടന്നല്‍, ചിലയിനം ഉറുമ്പുകള്‍, എട്ടുകാലികള്‍ ഇവയെല്ലാം തന്നെ മനുഷ്യന്റെ ജീവന് അപകടമാകുന്ന വിധം വിഷം കടത്തിവിടാറുണ്ട്. ഇതില്‍ തന്നെ മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് കടന്നലാണ്. പല തരത്തിലുള്ള, പല തീവ്രതയിലുള്ള വിഷം കടന്നലുകളില്‍ കാണാം. രണ്ടില്‍ കൂടുതല്‍ കുത്തുകളേല്‍ക്കുന്നതാണ് പ്രധാനമായും അപകടമാവുക. അത്രയും വിഷം ശരീരത്തിലേക്ക് കയറുകയാണ് ചെയ്യുന്നത്.
ചിലരുടെ ശരീരത്തിന് ഇങ്ങനെയുള്ള ഷഡ്പദങ്ങളില്‍ കാണപ്പെടുന്ന വിഷത്തോട് കടുത്ത അലര്‍ജിയുണ്ടാകാം. ഈ അലര്‍ജിയെ തുടര്‍ന്നോ, അല്ലെങ്കില്‍ കടിച്ച ഭാഗങ്ങളിലുണ്ടാകുന്ന അണുബാധയെ തുടര്‍ന്നോ, വിഷബാധയെ തുടര്‍ന്ന് ബിപി (രക്തസമ്മര്‍ദ്ദം) താഴ്‌ന്നോ, രക്തക്കുഴലുകള്‍ വികസിച്ചോ, വിഷം തലച്ചോറിനെ ബാധിച്ചോ, വൃക്കകളെ ബാധിച്ചോ എല്ലാം മരണം സംഭവിക്കാം. സാധാരണഗതിയില്‍ കുത്തേല്‍ക്കുന്നയിടത്ത് ചുവന്ന നിറം, തടിപ്പ്, വേദന, ചൊറിച്ചില്‍ എന്നിങ്ങനെയെല്ലാം ഉണ്ടാകാം. കുത്ത് ശരീരത്തിന്റെ അകംഭാഗങ്ങളിലാണെങ്കില്‍, ഉദാഹരണത്തിന് കണ്ണ്, വായയുടെ അകംഭാഗം, നാക്ക്, ചുണ്ടിനുള്ളില്‍, മൂക്കിന്റെ അകം ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യത ഇരട്ടിയാണ്. ഇക്കാര്യം ആദ്യമേ ശ്രദ്ധിക്കുക.
പ്രാണികളുടെ കുത്തേറ്റ് വൈകാതെ തന്നെ തലകറക്കം, ഛര്‍ദ്ദി, മുഖം ചീര്‍ക്കുക, ദേഹമാകെ ചൊറിച്ചില്‍ അനുഭവപ്പെടുക, ശ്വാസതടസം, ബിപി താഴ്ന്ന് തളര്‍ന്നുവീഴുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ സാരമായ വിഷബാധയെ സൂചിപ്പിക്കുന്നതാണ്. എത്രയും പെട്ടെന്ന് രോഗിക്ക് വൈദ്യസഹായമെത്തിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെടാനുള്ള സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. കുത്തേറ്റ് ദിവസങ്ങള്‍ക്കുള്ളിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാം. തലവേദന, ക്ഷീണം, തളര്‍ച്ച, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ഈ ഘട്ടത്തില്‍ കാണാം. ഇതും ഉടനെ വൈദ്യസഹായമെത്തിക്കേണ്ടതാണ്.


