താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ പനംതോട്ടത്തില്‍ നസ്ജക്കും മകള്‍ക്കും നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. വീട് വിട്ടോടിയ ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കോഴിക്കോട്: മയക്കുമരുന്ന് ഉപയോഗിച്ച് ഭാര്യയേയും മകളേയും ക്രൂരമായി ആക്രമിച്ച് ഭർത്താവ്. ഒടുവിൽ പാതിരാത്രിയിൽ ക്രൂര മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടാൻ വീട്ടിൽ നിന്ന് ഇറങ്ങിയോടേണ്ട ഗതികേടിൽ യുവതിയും മകളും. താമരശ്ശേരി അമ്പായത്തോട് സ്വദേശികളായ പനംതോട്ടത്തില്‍ നസ്ജക്കും മകള്‍ക്കും നേരെയാണ് ക്രൂരമായ ആക്രമണമുണ്ടായത്. വീട് വിട്ടോടിയ ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇന്നലെ രാത്രി പത്തോടെയാണ് അതിക്രമം ഉണ്ടായത്. മയക്കുമരുന്ന് ലഹരിയില്‍ വീടിന് അകത്തുവെച്ച് തലയ്ക്കും ദേഹത്തും ക്രൂരമായി മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് കൊടുവാളുമായി വീടിനു ചുറ്റും തങ്ങളെ ഓടിച്ചതായി യുവതി വിശദമാക്കുന്നത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ എട്ടു വയസ്സുകാരിയായ മകള്‍ക്കും തന്റെ വല്ല്യുമ്മയ്ക്കും പരിക്കേറ്റതായും നസ്ജ പറഞ്ഞു. മര്‍ദ്ദനം രണ്ട് മണിക്കൂറോളം നീണ്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെ ഇറങ്ങിയോടുകയായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

മകളെ തേനീച്ച കുത്തിയതിനെ തുടര്‍ന്ന് നാല് ദിവസമായി യുവതിയും മകളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത് ഇന്നലെ വൈകീട്ടാണ് വീട്ടില്‍ തിരിച്ചെത്തിയത്. വര്‍ഷങ്ങളായി ഭര്‍ത്താവിന്റെ പീഡനം സഹിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം കൊലപ്പെടുത്താന്‍ ശ്രമിച്ചതിനാലാണ് പ്രാണരക്ഷാര്‍ത്ഥം റോഡിലേക്ക് ഓടിയതെന്ന് നസ്ജ പറഞ്ഞു. നസ്ജയും മകളും വല്ല്യുമ്മ സുബൈദയും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം