ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് 688 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 12488 ആയി. തമിഴ്നാട്ടിൽ കൊവിഡ് വൈറസിൻ്റെ അതിതീവ്ര വ്യാപനകേന്ദ്രമായ ചെന്നൈ നഗരത്തിൽ ഇന്നു മാത്രം 552 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് കേരളത്തിൽ നിന്നും തിരിച്ചെത്തിയ ആൾക്കാണ്.

ദക്ഷിണേന്ത്യയിൽ കൊവിഡിൻ്റെ ഹോട്ട് സ്പോട്ടായി മാറുകയാണ് തമിഴ്നാട്. നിലവിൽ മഹാരാഷ്ട്ര കഴിഞ്ഞാൽ രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സംസ്ഥാനം തമിഴ്നാടാണ്. കോയമ്പേട് നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയവരെ തിരിച്ചറിയാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. കോയമ്പേട് ക്ലസ്റ്ററിലൂടെ നൂറുകണക്കിന് ആളുകൾക്കാണ് കൊവിഡ് ബാധിച്ചത്. 

ചേരികളിൽ രോഗലക്ഷണമില്ലാത്ത പുതിയ രോഗികളുണ്ടാവുന്നത് വെല്ലുവിളി ഇരട്ടിയാക്കുന്നു. ഒരു ലക്ഷത്തോളം ആളുകൾ തിങ്ങിപാർക്കുന്ന കണ്ണകി നഗറിൽ കൊവിഡ് ബാധിതർ 45 ആയി.  ഇതുവരെ രോഗവ്യാപനം കുറവായിരുന്ന ദക്ഷിണ ചെന്നൈയിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ആശങ്ക ഉയരുമ്പോഴും നിയന്ത്രങ്ങളിൽ കൂടുതൽ ഇളവ് നൽകിയതോടെ പലയിടങ്ങളിലും ജനം കൂട്ടത്തോടെ തെരുവിലിറങ്ങുന്ന കാഴ്ചയാണ് തമിഴ്നാട്ടിൽ ഇന്നു കണ്ടത്.