Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദ​ഗതി: 79 ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ടത് 69 പേർ; ‍‍കൂടുതലും അക്രമ സംഭവങ്ങളിൽ

പൗരത്വ നിയമ ഭേദ​ഗതി പാർലമെന്റിൽ പാസ്സാക്കിയതിന് ശേഷം നടന്ന സംഘർഷങ്ങളിൽ അസമിൽ ആറ് പേരും ഉത്തർപ്രദേശിൽ 19 പേരും കർണാടകയിൽ രണ്ട് പേരും ദില്ലിയിൽ ഇതുവരെ 42 പേരും കൊല്ലപ്പെട്ടു. 

69 persons killed in 79 days since implementing caa on parliament
Author
Delhi, First Published Mar 2, 2020, 12:21 PM IST


ദില്ലി: പാർലമെന്റ് പൗരത്വ നിയമ ഭേദ​ഗതി പാസ്സാക്കി 79 ദിവസം പിന്നിടുമ്പോൾ ഈ വിഷയത്തെച്ചൊല്ലിയുണ്ടായി വിവിധ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടത് 69 പേർ. 2019 ‍ഡിസംബർ 11 നാണ് പൗരത്വ നിയമ ഭേദ​ഗതി പാർലമെന്റ് പാസ്സാക്കുന്നത്. പൗരത്വ നിയമ ഭേദ​ഗതി വിഷയത്തിൽ സംഘർഷങ്ങളും മരണങ്ങളും വർദ്ധിക്കുകയും നിയമനിർമ്മാണം അം​ഗീകരിച്ച് രണ്ട് മാസം പിന്നിട്ടിട്ടും ഈ നിയമം പ്രവർത്തനക്ഷമമാക്കുന്നതിനുള്ള  ഘടകങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെന്ന് ദ് ഹിന്ദു തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.  

അതേ സമയം പൗരത്വ ഭേദഗതി നിയമങ്ങൾ നിർമ്മാണത്തിലാണെന്ന് മുതിർന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥർ പറഞ്ഞു. “പരിധിക്കുള്ളിൽ നിന്ന് കൊണ്ട് മാത്രമേ നിയമം പ്രാബല്യത്തിൽ വരുത്താൻ സാധിക്കുകയുള്ളൂ. അവ നിയമത്തിന്റെ  വ്യവസ്ഥകൾ‌ പ്രതിഫലിപ്പിക്കും, പക്ഷേ എപ്പോൾ‌ അറിയിക്കും എന്നതിന് സമയപരിധി നൽകാൻ‌ കഴിയില്ല,” ഔദ്യോഗിക ഗസറ്റിൽ അന്തിമ നിയമങ്ങൾ പ്രസിദ്ധീകരിച്ച്, അടുത്ത സെഷൻ ആരംഭിക്കുന്ന 15 ദിവസത്തിനുള്ളിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

പൗരത്വ നിയമ ഭേദ​ഗതി പാർലമെന്റിൽ പാസ്സാക്കിയതിന് ശേഷം നടന്ന സംഘർഷങ്ങളിൽ അസമിൽ ആറ് പേരും ഉത്തർപ്രദേശിൽ 19 പേരും കർണാടകയിൽ രണ്ട് പേരും ദില്ലിയിൽ ഇതുവരെ 42 പേരും കൊല്ലപ്പെട്ടു. ഉത്തർപ്രദേശ്, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ബീഹാർ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ നിരവധി പ്രദേശങ്ങൾ സി‌എ‌എയ്‌ക്കെതിരായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. പൗരത്വ നിയമ ഭേദ​ഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.  

സെന്‍സസ് കണക്കെടുപ്പിനൊപ്പം ഏപ്രിന്‍ ഒന്നുമുതല്‍ തന്നെ തുടങ്ങാനിരുന്ന എന്‍പിആര്‍ നടപടികള്‍ക്കെതിരെ നിരവധി സംസ്ഥാനങ്ങളിലെ ബിജെപി ഇതര സര്‍ക്കാറുകള്‍ ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്. 2003 ലെ പൗരത്വ നിയമപ്രകാരം എന്‍ആര്‍സി നടപടികളുടെ ആദ്യപടിയായിട്ടാണ് എന്‍പിആറിനെ കണക്കാക്കുന്നത്. അതിനിടെ, പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ഉത്തര്‍പ്രദേശില്‍ വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറിയപ്പോള്‍ വിഷയത്തില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരുന്നു. 2014 ല്‍ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം രാജ്യത്ത് മുഴുവന്‍ എന്‍ആര്‍സി നടപ്പാക്കുന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഡിസംബര്‍ 22 നായിരുന്നു മോദിയുടെ പ്രതികരണം.

എന്നാല്‍ ഡിസംബര്‍ 9 ന് ലോക്സഭയില്‍ പൗരത്വ നിയമത്തെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ 'രാജ്യത്ത് എന്‍ആര്‍സി നടപ്പിലാക്കേണ്ടതുണ്ട്, ബിജെപിയുടെ പ്രകടന പത്രികയിലുള്ള കാര്യമാണ് അത്' എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന, പാര്‍സി മതവിശ്വാസികള്‍ക്കാണ് ബിൽ പ്രകാരം പൗരത്വം ലഭിക്കുക. 2014 ഡിസംബർ 31നുമുമ്പ്‌ ഇന്ത്യയിൽ എത്തി ആറുവർഷം ഇവിടെ കഴിഞ്ഞവർക്കാണ്‌  ഈ നിയമ ഭേദ​ഗതിയിലൂടെ പൗരത്വം നൽകാൻ ഉദ്ദേശിക്കുന്നത്. 

Follow Us:
Download App:
  • android
  • ios