പ്രാഥമിക ചികിത്സക്ക് ശേഷം സാരമായി പരിക്കേറ്റ കുട്ടിയെ വിശദമായ ചികിത്സക്കായി  ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി.  ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് ഡോക്ട‌‍ർ പറഞ്ഞു.

ഭോപ്പാൽ: പട്ടത്തിന്റെ ചരട് കഴുത്തിൽ കുരുങ്ങി ഏഴുവയസ്സുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ധാർ നഗരത്തിൽ ആണ് അതിദാരുണമായ മരണം സംഭവിച്ചത്. പിതാവിനൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ പട്ടച്ചരട് കുരുങ്ങുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ധാർ നഗരത്തിലെ ഹത്‌വാര ചൗക്കിൽ പിതാവ് വിനോദ് ചൗഹാൻ ഏഴുവയസ്സുള്ള മകനോടൊപ്പം ബൈക്കിൽ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

അപ്രതീക്ഷിതമായി പട്ടത്തിന്‍റെ ചരട് കുട്ടിയുടെ കഴുത്തിൽ കുരുങ്ങി മുറിവേൽക്കുകയായിരുന്നു. പരിക്കേറ്റ മകനെ വിനോദ് ഉടൻ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം സാരമായി പരിക്കേറ്റ കുട്ടിയെ വിശദമായ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് ഡോക്ട‌‍ർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കർശന നടപടിയെടുക്കുമെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു.

പട്ടം പറത്താൻ ഉപയോഗിക്കുന്ന 'ചൈനീസ് മഞ്ച'യെന്ന മൂർച്ചയേറിയ നൂലാണ് അപകടത്തിന് കാരണമെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. കുട്ടിയുടെ മരണത്തിൽ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിനുപുറമെ സ്ഥലത്ത് ചൈനീസ് മഞ്ച വില്‍ക്കുന്നവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും ഇത് കൈവശം വയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് സൂപ്രണ്ട് രവീന്ദ്ര വാസ്‌കെൽ പറഞ്ഞു.

ഞായറാഴ്ച ഹൈദരബാദിലും അഹമ്മദാബാദിലും സമാന സംഭവം നടന്നിരുന്നു. ഒരു ഇന്ത്യൻ സൈനികനും നാല് വയസ്സുകാരനുമാണ് കഴുത്തിൽ ചൈനീസ് മഞ്ച കുടുങ്ങി മരിച്ചത്. ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി കെ കോടേശ്വര്‍ റെഡ്ഢി (30)യെന്ന സൈനികൻ ശനിയാഴ്ച വൈകുന്നേരം 7.30നാണ് പട്ടം കഴുത്തിൽ കുരുങ്ങി മരിച്ചത്. ഗോല്‍ക്കൊണ്ട സൈനിക ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ലാംഗര്‍ ഹൗസ് പ്രദേശത്ത് എത്തിയപ്പോഴായിരുന്നു സംഭവം. പട്ടച്ചരട് കഴുത്തില്‍ കുരുങ്ങിയതോടെ കോടേശ്വര്‍ റെഡ്ഢിയുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മകരസംക്രാന്തിയുടെ ഭാ​ഗമായി നടക്കുന്ന പട്ടം പറത്തലിൽ ചൈനീസ് മഞ്ചയുടെ ഉപയോ​ഗം മൂലം രാജ്യത്തുടനീളം നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

എന്താണ് 'ചൈനീസ് മഞ്ച'

പട്ടം പറത്താനായി ഉപയോഗിക്കുന്ന ഗ്ലാസ് പൂശിയ സിന്തറ്റിക് ചരടാണ് ചൈനീസ് മാഞ്ചയെന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ് . മോണോ ഫിലമെന്റ് ഫിഷിംഗ് ലൈനുകള്‍ കൊണ്ടാണ് ഇതിന്റെ നിര്‍മാണം. മനുഷ്യജീവനും പക്ഷികള്‍ക്കും ആപത്താണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017ലാണ് ഇത് രാജ്യത്ത് നിരോധിച്ചത്. ദേശീയ ഹരിത ട്രൈബ്യൂണലില്‍ പൊലീസും ദില്ലി സര്‍ക്കാരും വിവിധ ആക്ടിവിസ്റ്റുകളും നല്‍കിയ നിവേദനങ്ങളെ തുടര്‍ന്നായിരുന്നു തീരുമാനം. നിരോധനമുണ്ടെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ആഘോഷങ്ങളുടെ ഭാഗങ്ങളായി ഇവ അനധികൃതമായി വിപണിയിലെത്താറുണ്ട്. ഇന്ത്യന്‍ മാഞ്ചയെക്കാള്‍ എപ്പോഴും ചൈനീസ് മാഞ്ചയ്ക്കാണ് ആവശ്യക്കാരേറെയെന്നാണ് വില്‍പ്പനക്കാര്‍ പറയുന്നത്.

Read More :  'അമ്മാവന്‍റെ പരിചയക്കാരൻ, വിശ്വസിച്ച് കൂടെപ്പോയി'; കമ്പനി സിഇഒ ആഡംബര ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന് യുവതി