റായ്പുര്‍: പണവും ബിസ്ക്കറ്റും മോഷ്ടിച്ചെന്നാരോപിച്ച് ഏഴു വയസുകാരനെ മർദ്ദിച്ച് മരത്തിൽ കെട്ടിയിട്ടു. ഛത്തീസ്ഗഢിലെ ജഷ്പുര്‍ ജില്ലയിലെ കൊത്ബയിലാണ് സംഭവം. കുട്ടിയെ മരത്തില്‍ കെട്ടിയിട്ടതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ബിസ്ക്കറ്റ് വാങ്ങാൻ വന്ന കുട്ടി കടയിൽ നിന്ന് 200 രൂപ മോഷ്ടിച്ചുവെന്ന് കടയുടമ ആരോപിച്ചു. എന്നാൽ പണം എടുത്തില്ലെന്ന് കുട്ടി പറഞ്ഞത് ഇയാളെ ചൊടിപ്പിക്കുകയായിരുന്നു. കുട്ടിയെ മർദ്ദിച്ച ഇയാൾ പിന്നീട് ഒരു മരത്തില്‍ കെട്ടിയിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവം അറിഞ്ഞ് കുഞ്ഞിന്റെ മാതാപിതാക്കൾ സ്ഥലത്തെത്തുകയും 200 രൂപ നല്‍കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കടയുടമ കുട്ടിയെ കെട്ടഴിച്ചുവിട്ടത്.

പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിയും നൽകി. കടയില്‍ നിന്ന് സാധനങ്ങളും പണവും മോഷ്ടിച്ച കുട്ടി, ഓടി പോകുകയായിരുന്നുവെന്നാണ് കടയുടമയുടെ വാദം. എന്നാല്‍ മാതാപിതാക്കള്‍ ഇത് തള്ളി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കേസ് രജിസ്റ്റർ ചെയ്തുവെന്നും ജഷ്പുര്‍ എസ്പി ബാലാജി റാവു അറിയിച്ചു.