എംബിബിഎസ് പ്രവേശനത്തിൽ മുതിർന്ന പൗരന്മാർക്ക് സംവരണം ആവശ്യപ്പെട്ട് 71-കാരനായ നീറ്റ് പരീക്ഷാർഥി കോടതിയെ സമീപിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ അശോക് ബാഹറാണ് സംവരണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിൽ ഹർജി നൽകിയത്.
ലഖ്നൗ: എംബിബിഎസ് പ്രവേശനത്തിൽ മുതിർന്ന പൗരന്മാർക്ക് സംവരണം ആവശ്യപ്പെട്ട് 71-കാരനായ നീറ്റ് പരീക്ഷാർഥി കോടതിയെ സമീപിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ അശോക് ബാഹറാണ് സംവരണം ആവശ്യപ്പെട്ട് അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിൽ ഹർജി നൽകിയത്. യോഗ്യരായ മുതിർന്ന പൗരന്മാർക്ക് എംബിബിഎസ് പ്രവേശനത്തിൽ ഒരു ശതമാനം സംവരണം അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹർജി ഹൈക്കോടതി ജൂലായ് 21-ന് പരിഗണിക്കും.
എംബിബിഎസ് പ്രവേശനത്തിൽ മറ്റുള്ള പല വിഭാഗങ്ങൾക്കും സംവരണം നൽകുമ്പോൾ എന്തുകൊണ്ടാണ് മുതിർന്ന പൗരന്മാർക്ക് സംവരണം അനുവദിക്കാത്തതെന്നാണ് അശോക് ബാഹറിന്റെ ചോദ്യം. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ എഴുതാൻ പ്രായപരിധി ഇല്ല എന്നിരിക്കെ ഈ ആവശ്യം ന്യായമാണെന്നും അദ്ദേഹം വാദിക്കുന്നു. സുപ്രീംകോടതിയാണ് നീറ്റ് പരീക്ഷയ്ക്കുള്ള ഉയർന്ന പ്രായപരിധി നേരത്തേ നീക്കംചെയ്തത്. ഈ സാഹചര്യത്തിൽ മുതിർന്ന പൗരന്മാർക്കും പരീക്ഷ എഴുതാൻ അവസരമുണ്ടായിരിക്കെ അവരുടെ മെഡിക്കൽ പ്രവേശനം ഉറപ്പുവരുത്താൻ സർക്കാർ നയപരമായ പിന്തുണയും നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
71-കാരനായ അശോക് ബാഹർ ഇത്തവണ നീറ്റ് യുജി പരീക്ഷ എഴുതിയിരുന്നു. ഡോക്ടറാവുകയെന്ന അഞ്ചുപതിറ്റാണ്ട് പഴക്കമുള്ള തന്റെ സ്വപ്നം സാക്ഷാത്കരിക്കാനാണ് ഇപ്പോൾ നീറ്റ് എഴുതിയതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 1974-ൽ മെഡിക്കൽ പ്രവേശന പരീക്ഷ എഴുതിയിരുന്നെങ്കിലും യോഗ്യത നേടാനായില്ല. പിന്നീട് 2023-ലും മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചു. പക്ഷേ, പരീക്ഷാകേന്ദ്രത്തിൽ എത്താൻ വൈകിയതിനാൽ പരീക്ഷ എഴുതാനായില്ല.
താൻ ഡോക്ടറാവുകയെന്നത് അമ്മ സാവിത്രി ദേവിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്നാണ് അശോക് ബാഹർ പറയുന്നത്. 1990-ൽ അമ്മ മരിച്ചു. പക്ഷേ, ഡോക്ടറായ ഭാര്യ മഞ്ജു ബാഹർ മെഡിക്കൽ പ്രവേശനം നേടാൻ തന്നെ പ്രോത്സാഹിപ്പിച്ചതായും കുടുംബത്തിൽ ഇരുപതോളം ഡോക്ടർമാരുണ്ടെന്നും ഇവരിൽ മിക്കവരും വിദേശത്താണ് ജോലിചെയ്യുന്നതെന്നും അശോക് ബാഹർ പറഞ്ഞു.
പഠിക്കാൻ പ്രായപരിധിയില്ലെന്നാണ് അശോക് ബാഹർ പറയുന്നത്. വിദ്യാഭ്യാസമേഖലയിലെ പഴയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കായി സർക്കാർ പിന്തുണ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ലഖ്നൗ സർവകലാശാലയിൽനിന്ന് ബി.എസ്.സി. ബിരുദം നേടിയ അശോക് ബാഹർ, കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പിജി ഡിപ്ലോമയും നിയമബിരുദവും എംബിഎയും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽക്ക് ലിമിറ്റഡിന്റെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മേഖലകളുടെ മാർക്കറ്റിംഗ് മേധാവിയായിരുന്നു. പിന്നീട് ജോലിയിൽനിന്ന് സ്വയം വിരമിച്ചു. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിൽ കൺസൾട്ടന്റായി പ്രവർത്തിച്ചു. ഹൈക്കോടതിയിൽ അഭിഭാഷകനായും പ്രാക്ടീസ് ചെയ്യുന്നുണ്ട്.


