പഞ്ചാബിൽ വിവാഹത്തിനായി എത്തിയ അമേരിക്കൻ പൗര പൊള്ളലേറ്റ് മരിച്ച നിലയിൽ. സിയാറ്റിൽ നിന്നും പഞ്ചാബിലെത്തിയ രൂപീന്ദർ കൗർ പന്തേർ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.  

ലുധിയാന : 75കാരനായ പ്രവാസി ഇന്ത്യക്കാരനെ വിവാഹം കഴിക്കാനായി പഞ്ചാബിലെത്തിയ അമേരിക്കൻ പൗരയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സിയാറ്റിൽ നിന്നും പഞ്ചാബിലെത്തിയ രൂപീന്ദർ കൗർ പന്തേറാണ് കൊല്ലപ്പെട്ടത്. പഞ്ചാബിൽ നിന്നുള്ള യു കെ എൻ ആർ ഐയെ വിവാഹം ചെയ്യാനായിരുന്നു ഇവരെത്തിയത്. ജൂലൈയിൽ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തേക്ക് വന്നത്. ലുധിയാന പോലീസ് സംശയിക്കപ്പെടുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ലണ്ടൻ ആസ്ഥാനമായുള്ള പഞ്ചാബി പ്രവാസി ഇന്ത്യക്കാരനായ ചരൺജിത് സിംഗ് ഗ്രേവാളിന്റെ ക്ഷണപ്രകാരമാണ് വിവാഹത്തിനായി രൂപീന്ദർ കൗർ പന്തേർ ഇന്ത്യയിലെത്തിയത്. ഗ്രേവാളാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ ജൂലൈ 24-ന് പന്തേറിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കണ്ടപ്പോൾ സഹോദരി കമൽ കൗർ ഖൈറയ്ക്ക് സംശയം തോന്നി. ജൂലൈ 28 ആയപ്പോഴേക്കും ഖൈറ ഡൽഹിയിലെ യുഎസ് എംബസിയെ വിവരമറിയിക്കുകയും, അവർ പ്രാദേശിക പോലീസിനെ അറിയിക്കുകയുമായിരുന്നുവെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. 

പ്രതി പിടിയിൽ, വെളിപ്പെടുത്തലിൽ ഞെട്ടൽ 

യുഎസ് പൗരയുടെ കൊലപാതകത്തിൽ സുഖ്ജീത് സിംഗ് സോനു എന്നയാളെ പൊലീസ് പിടികൂടി. പൊലീസ് പറയുന്നതനുസരിച്ച്, രൂപീന്ദർ കൗർ പന്തേറിനെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം സ്റ്റോർ റൂമിലിട്ട് കത്തിച്ചെന്നും സോനു സമ്മതിച്ചു. പന്തേരിനെ കൊലപ്പെടുത്താൻ ഗ്രേവാൾ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നുവലെന്നും ഇയാളുടെ നിർദ്ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം സാമ്പത്തികമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യയിൽ വരുന്നതിന് മുൻപ് ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. കേസിലെ പ്രതിയായ ഗ്രേവാൾ ഒളിവിലാണെന്ന് ലുധിയാന പൊലീസ്സ്ഥിരീകരിച്ചു.