ഫ്ലാറ്റ് സമുച്ചയത്തിന്‍റെ എട്ടാം നിലയിൽ നിന്നാണ് ലിഫ്റ്റ് കേബിള്‍ പൊട്ടി താഴേക്ക് പതിച്ചത്. അപകട സമയത്ത് ലിഫ്റ്റിനുള്ളിൽ വയോധിക മാത്രമാണ് ഉണ്ടായിരുന്നത്.(പ്രതീകാത്മക ചിത്രം)
നോയിഡ: ദില്ലിയിൽ എട്ടാം നിലയിൽ നിന്നും കേബിള്‍ പൊട്ടി താഴേക്ക് പതിച്ച ലിഫ്റ്റിനുള്ളിലുണ്ടായിരുന്ന വയോധിക ഹൃദയസ്തംഭനം മൂലം മരിച്ചു. നോയിഡയിലെ സെക്ടർ 137 ലെ പരാസ് ടിയറ ഹൗസിംഗ് കോംപ്ലക്സിലാണ് ദാരുണമായ അപകടം സംഭവിച്ചത്. അപകട സമയത്ത് ലിഫ്റ്റിലുണ്ടായിരുന്ന 73 കാരിയായ സ്ത്രീയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് അപകടം സംഭവിച്ചത്.
ഫ്ലാറ്റ് സമുച്ചയത്തിന്‍റെ എട്ടാം നിലയിൽ നിന്നാണ് ലിഫ്റ്റ് കേബിള്‍ പൊട്ടി താഴേക്ക് പതിച്ചത്. അപകട സമയത്ത് ലിഫ്റ്റിനുള്ളിൽ വയോധിക മാത്രമാണ് ഉണ്ടായിരുന്നത്. കേബിള്‍ പൊട്ടി ലിഫ്റ്റ് താഴേക്ക് പോയെങ്കിലും നിലത്ത് പതിച്ചില്ല. പാതിയെത്തിയപ്പോള്‍ കേബിള്‍ സ്റ്റക്കായി നിന്നു. ഇതിനിടെ വൃദ്ധയ്ക്ക് ഹൃദയ സ്തംഭവനം വന്നിരിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. അപകടത്തിന് പിന്നാലെ അഗ്നി രക്ഷാ സേനയെത്തി ലിഫ്റ്റ് തുറക്കുമ്പോള്‍ വയോധിക ബോധരഹിതയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
'വയോധികയുടെ തലയുടെ പിൻഭാഗത്ത് മുറിവുകളും കൈമുട്ടിൽ പൊള്ളലും ഉണ്ടായിരുന്നു, ഇത് ലിഫ്റ്റിൽ ഉരഞ്ഞ് വീണതിനെത്തുടർന്ന് സംഭവിച്ചതാകാം. ആശുപത്രിയിലെത്തുമ്പോള്‍ നാഡിമിടിപ്പ് ഇല്ലായിരുന്നു'- വയോധികയെ ചികിത്സിച്ച ഫെലിക്സ് ആശുപത്രിയിലെ ഡോക്ടർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അപകടത്തെ തുടർന്ന് പരസ് ടിയേറയിലെ നിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. ലിഫ്റ്റ് കമ്പനിക്കെതിരെ നടപടി വേണമെന്ന് റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
