കൊച്ചി പരിപാടിയുടെ തൊട്ട് തലേന്ന് ഡിവൈഎഫ്ഐയുടെ ബാനറിൽ സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക റാലിയിൽ അഞ്ച് ലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കാനാണ് തീരുമാനം.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ യുവാക്കളെ അണിനിരത്തി നടത്തുന്ന സംവാദത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനൊരുങ്ങി സിപിഎം. കൊച്ചി പരിപാടിയുടെ തൊട്ട് തലേന്ന് ഡിവൈഎഫ്ഐയുടെ ബാനറിൽ സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക റാലിയിൽ അഞ്ച് ലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. വന്ദേ ഭാരതിന്റെ വരവ് കെ റെയിലിന് അനുകൂലമായ ചര്‍ച്ചകളിലേക്ക് വഴിമാറിയെന്നാണ് പാര്‍ട്ടി വിലയിരുത്തൽ. 

വന്ദേ ഭാരത് വരട്ടെ, ചര്‍ച്ചകൾ ഏറെ നാൾ അനുകൂലമായി നിലനിര്‍ത്താൻ ബിജെപിക്ക് കഴിയില്ല. അതിനേക്കാൾ പ്രധാനം യുവാക്കളെ അണിനിരത്തി പ്രധാനമന്ത്രി കൊച്ചിയിൽ നടത്താനിരിക്കുന്ന പരിപാടിയാണെന്നാണ് സിപിഎം കരുതുന്നത്. യുവാക്കളെ ആകര്‍ഷിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് സിപിഎമ്മിന്‍റെ നീക്കം. ഡിവൈഎഫ്ഐയെ മുൻനിര്‍ത്തിയാണ് സിപിഎമ്മിന്‍റെ പ്രതിരോധം. പ്രധാനമന്ത്രിയോടുള്ള നൂറ് ചോദ്യങ്ങളുമായാണ് 23 ന് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപക റാലി സംഘടിപ്പിക്കുന്നത്. 

വന്ദേഭാരത് മുൻനിര്‍ത്തി ബിജെപി നടത്തുന്ന പ്രചാരണങ്ങളെ കാര്യമായി എടുക്കേണ്ടതില്ലെന്നാണ് സിപിഎം വിലയിരുത്തുന്നത്. കേരളം ഏറെ നാളായി ആവശ്യപ്പെടുന്ന ഒരു ട്രെയിൻ എന്നതിനപ്പുറം ഒരു പ്രസക്തി നൽകേണ്ടതില്ല. നിലവിലെ ട്രാക്കിലൂടെ വന്ദേഭാരത് വേഗം കൂട്ടി ഓടിക്കാനായില്ലെന്ന് ട്രയല്‍ റണ്ണിലൂടെ വ്യക്തമായിട്ടുമുണ്ട്. യാത്രാ വേഗം വേണമെന്ന ആവശ്യത്തിന് പൊതു സ്വീകാര്യത കിട്ടുന്നതോടെ അത് സിൽവര് ലൈനിന്റെ പ്രസക്തി കൂട്ടുമെന്നും പ്രചാരണവും പരിശ്രവും സിൽവര്‍ ലൈനിന് അനുകൂലമാക്കി മാറ്റാനുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെയും ധാരണ.