83 വയസ്സുള്ള ഒലേന ബൈക്കോ എന്ന ബ്രിട്ടീഷ് വനിത ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബഞ്ചി ജമ്പ് പൂർത്തിയാക്കി റെക്കോർഡ് സ്ഥാപിച്ചു. 117 മീറ്റർ ഉയരത്തിൽ നിന്ന് ചാടിയ അവരുടെ പ്രകടനം, പ്രായം സാഹസികതയ്ക്ക് ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്നു.
റിഷികേഷ് : സാഹസികതയ്ക്ക് പ്രായം തടസമേയല്ലെന്നത് ഒരു വെറും വാക്കല്ല. ഇത് ശരിയെന്ന് തെളിയിച്ചിരിക്കുകയാണ് 83 വയസ്സുള്ള ഒരു ബ്രിട്ടീഷ് വനിത. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബഞ്ചി ജമ്പ് വിജയകരമായി പൂർത്തിയാക്കി റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് ഒലേന ബൈക്കോ എന്ന ബ്രിട്ടീഷ് വനിത. ഒക്ടോബർ 13-നാണ് ഒലേന ബൈക്കോ ഉത്തരാഖണ്ഡിലെ റിഷികേശിലെ ശിവപുരി ബഞ്ചി ജമ്പിങ് സെൻ്ററിൽ 117 മീറ്റർ ഉയരത്തിൽ നിന്നും താഴേക്ക് ചാടി റെക്കോ ഡ് സ്വന്തമാക്കിയത്. ചാടുന്നതിന് തൊട്ടുമുമ്പ് യാതൊരു ഭയവുമില്ലാതെ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ആകാശത്തേക്ക് കൈകൾ വീശി പറന്നുയർന്നുകൊണ്ട് നടത്തിയ ഈ ചാട്ടം അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരിക്കുമെന്നാണ് സംഘാടകർ കുറിച്ചത്. ബഞ്ചി ജമ്പിൻ്റെ ആവേശം നേരിട്ട് അനുഭവിക്കുന്നതിനായി മാത്രമാണ് അവർ യു.കെ.യിൽ നിന്ന് റിഷികേശിൽ എത്തിയത്. പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിച്ചുകൊണ്ട്, ജീവിതം ആഘോഷിക്കാനുള്ള ആവേശവും ധൈര്യവും ഈ 83-കാരിയുടെ പ്രകടനത്തിലൂടെ ലോകമെമ്പാടുമുള്ള ആളുകൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്.


