Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടിൽ 86 പേർക്ക് കൂടി കൊവിഡ്, 85 പേരും നിസാമുദ്ദീനിൽ നിന്നെത്തിയവര്‍

ഇതുവരെ സംസ്ഥാനത്ത് 571 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരണം അഞ്ചായി.

86  COVID19 positive cases reported in Tamil Nadu today
Author
Chennai, First Published Apr 5, 2020, 6:48 PM IST

ചെന്നൈ: തമിഴ്നാട്ടിൽ 86 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 85 പേരും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഇതുവരെ സംസ്ഥാനത്ത് 571 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം മരിച്ച 71 കാരന്‍റെ മൃതദേഹം സംസ്കരിച്ചതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. സുരക്ഷാ ബാഗ് തുറന്ന് മതാചാരപ്രകാരം നടത്തിയ സംസ്കാര ചടങ്ങിൽ അമ്പതിലധികം പേരാണ് പങ്കെടുത്തത്. 

ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 71 കാരനും 60 വയസ്സുള്ള ചെന്നൈ സ്വദേശിയുമാണ് മരിച്ചത്. ദുബായിൽ നിന്നെത്തിയ 71 കാരനായ രാമനാഥപുരം സ്വദേശി വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് മരണപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് സുരക്ഷാ മുൻകരുതലുകൾ സ്വീകരീച്ച് മൃതദേഹം കൈമാറി. മൂന്ന് പേരിൽ കൂടുതൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കരുതെന്നാണ് നിർദേശം. എന്നാൽ രാമനാഥപുരം കീഴാക്കരൈ പള്ളി വളപ്പിൽ നടന്ന സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തത് അമ്പതിലധികം പേരായിരുന്നു .മുൻകരുതലിന്‍റെ ഭാഗമായി ഡോക്ടർമാർ തുറക്കരുതെന്ന് പറഞ്ഞ ബാഗ് തുറന്ന് മൃതദേഹം പുറത്തെടുത്ത് മതാചാര പ്രകാരമാണ് സംസ്കരിച്ചതെന്നും ആരോഗ്യ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി.  സംസ്കാര ചടങ്ങിൽ പങ്കെടുത്തവരെയെല്ലാം നിരീക്ഷണത്തിലാക്കാനാണ് ശ്രമം. മൂന്ന് ദിവസത്തിന് ശേഷമാണ് മരണവിവരം സർക്കാർ പുറത്തു വിടുന്നത്. 

Follow Us:
Download App:
  • android
  • ios