Asianet News MalayalamAsianet News Malayalam

വിവാഹമോചനത്തിന് കേസ് നടത്തിയത് 27 വര്‍ഷം; ഒടുവില്‍ സുപ്രീം കോടതിയും കൈവിട്ട നിരാശയില്‍ 89കാരന്‍

1963ല്‍ വിവാഹിതനായ മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ 1996ലാണ് വിവാഹ മോചനം തേടി ആദ്യമായി കോടതിയെ സമീപിച്ചത്.

89 year old man s legal battle for the last three decades failed after supreme court rejected divorce afe
Author
First Published Oct 13, 2023, 5:26 PM IST

ന്യൂഡല്‍ഹി: ആറ് പതിറ്റാണ്ട് നീണ്ട ദാമ്പത്യ ബന്ധം അവസാനിപ്പിക്കാന്‍ 27 വര്‍ഷമായി കോടതി കയറിയിറങ്ങുന്ന 89 വയസുകാരനെ ഒടുവില്‍ സുപ്രീം കോടതിയും കൈവിട്ടു. വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന് നിലപാടെടുത്ത കോടതി, ഭാര്യയുടെ വാദങ്ങള്‍ കണക്കിലെടുത്താണ് വിധി പ്രസ്താവിച്ചത്. വിവാഹമോചനം പോലുള്ള കേസുകള്‍ തീര്‍പ്പാവാന്‍ കോടതികള്‍ എടുക്കുന്ന കാലാതാമസത്തിനൊപ്പം വിവാഹം മോചനം അനുവദിക്കുന്നതില്‍ കോടതികള്‍ ഇടുങ്ങിയ സമീപനം സ്വീകരിക്കുന്നു  എന്നത് അടക്കമുള്ള  ആക്ഷേപങ്ങള്‍ക്കും ഒരിക്കല്‍ കൂടി വഴിവെച്ചിരിക്കുകയാണ് പുതിയ വിധി.

1963ല്‍ വിവാഹിതനായ നിര്‍മല്‍ സിങ് പനേസര്‍ എന്ന 89 വയസുകാരനാണ് വിവാഹമോചനം തേടി മൂന്ന് പതിറ്റാണ്ടോളമായി കോടതി കയറിയിറങ്ങുന്നത്. 1963ല്‍ വിവാഹിതനായ നിര്‍മല്‍ സിങിന്റെ ദാമ്പത്യം 1984ല്‍ താളം തെറ്റിയതാണ്. ഇന്ത്യന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് ആ വര്‍ഷം ചെന്നൈയിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. എന്നാല്‍ കൂടെ പോകാന്‍ ഭാര്യ തയ്യാറായില്ല. അന്നു മുതല്‍ പ്രശ്നങ്ങള്‍ തുടങ്ങി. എന്നാല്‍ 1996ലാണ് വിവാഹ മോചന ഹര്‍ജി നല്‍കിയത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ വിചാരണ പൂര്‍ത്തിയാക്കി 2000ല്‍ വിവാഹ മോചനം അനുവദിച്ചു. എന്നാല്‍ ഭാര്യ നല്‍കിയ അപ്പീലില്‍ ആ വര്‍ഷം തന്നെ വിധി റദ്ദാക്കി. നിര്‍മല്‍ സിങിന്റെ ഭാര്യ പരംജിത് കൗറിന് ഇപ്പോള്‍ 82 വയസുണ്ട്.

Read also:  'കോടതി പരിസരം വേണ്ട, മാളിൽ വെച്ച് കാണാം'; പിതാവിന്റെ ആവശ്യം അം​ഗീകരിച്ച് സുപ്രീം കോടതി

വിവിധ കോടതികള്‍ താണ്ടി കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ രണ്ട് പതിറ്റാണ്ടോളം കഴിഞ്ഞു. കേസ് പരിഗണിച്ച സുപ്രീം കോടതി വിവാഹ മോചന ഹര്‍ജി കഴിഞ്ഞ ദിവസം നിരസിക്കുകയായിരുന്നു. "ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹം ഇപ്പോഴും  പരിശുദ്ധവും ആത്മീയവും ഭാര്യാ - ഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള വൈകാരികമായ ജീവിത ബന്ധവുമാണെന്ന്" വ്യാഴാഴ്ച പ്രസ്താവിച്ച വിധിയില്‍ കോടതി വിശദീകരിക്കുന്നു. വിവാഹമോചിതയെന്ന അനിശ്ചിതത്വം അനുഭവിക്കുന്ന അവസ്ഥയില്‍ മരിക്കേണ്ടി വരരുത് എന്ന് ആഗ്രഹിക്കുന്ന പരംജിത് കൗറിനോടുള്ള അനീതിയാവും വിവാഹ മോചന അനുമതിയെന്നും കോടതി വിധിയില്‍ പറയുന്നു. പരിശുദ്ധമായ തങ്ങളുടെ ബന്ധത്തോടുള്ള ബഹുമാനം നിലനിര്‍ത്താന്‍ താന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും ഭര്‍ത്താവിന്റെ വാര്‍ധക്യ കാലത്ത് അദ്ദേഹത്തെ പരിചരിക്കാന്‍ തയ്യാറാണെന്നും പരംജിത് കോടതിയെ അറിയിച്ചു. ദമ്പതികള്‍ക്ക് മൂന്ന് മക്കളും ഉണ്ട്.

അതേസമയം കേസുകള്‍ തീര്‍പ്പാക്കാന്‍ വേണ്ടിവരുന്ന കാലതാമസം ഈ വിധിയോടെ ഒരിക്കല്‍ കൂടി സാമൂഹിക മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തെ കോടതികളില്‍ 43.2 ദശലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിന് പുറമെ ക്രൂരതയോ അക്രമങ്ങളോ സാമ്പത്തികമായ തര്‍ക്കങ്ങളോ ഇല്ലാതെ കോടതികള്‍ വിവാഹമോചനം അനുവദിക്കില്ലെന്ന് വരുന്നത് ദുരിതമാണെന്നും ആളുകളുടെ പ്രതികരണങ്ങള്‍ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios