ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിലെ ആശുപത്രിയിൽ എട്ട് മണിക്കൂറിനിടെ 9 നവജാത ശിശുക്കൾ മരിച്ചു. കോട്ടയിലെ ജെ കെ ലോൺ സർക്കാർ ആശുപത്രിയിലാണ് ദാരുണ സംഭവം. ആശുപത്രിയുടെ വീഴ്ചയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഒന്ന് മുതൽ ഏഴ് ദിവസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. കഴിഞ്ഞ വർഷം അവസാനം 35 ദിവസത്തിനിടെ നൂറിലധികം കുട്ടികൾ ഇതേ ആശുപത്രിയിൽ മരിച്ചിരുന്നു. 

സംഭവത്തിൽ രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രിയിൽ നിന്ന് മന്ത്രി റിപ്പോർട്ട് തേടി. എന്നാൽ മരണം അണുബാധ കൊണ്ടല്ലെന്നും അസ്വാഭാവികതയില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. മൂന്ന് കുട്ടികൾ ആശുപത്രിയിലെത്തുമ്പോൾ തന്നെ മരിച്ചിരുന്നുവെന്നാണ് വിശദീകരണം.