ജയ്പുര്‍: രാജസ്ഥാനിലെ കോട്ടയിലെ ജെ കെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും ശിശുമരണം. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി  മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒമ്പത് നവജാത ശിശുക്കള്‍ മരിച്ചെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാത്രി അഞ്ച് കുട്ടികളും വ്യാഴാഴ്ച നാല് കുട്ടികളുമാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി രഘുശര്‍മ ഉത്തരവിട്ടു.

സ്വാഭാവിക മരണങ്ങളാണെന്നും മറ്റ് കാരണങ്ങളൊന്നുമില്ലെന്നും ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാര പറഞ്ഞു. കോട്ട മെഡിക്കല്‍ കോളേജിന് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് കുട്ടികള്‍ ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ മരിച്ചിരുന്നു. മൂന്ന് കുട്ടികള്‍ ജന്മാലുള്ള രോഗം കാരണവും മറ്റ് മൂന്ന് കുട്ടികള്‍ പെട്ടെന്നും മരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിവിഷണല്‍ കമ്മീഷണര്‍ കെ സി മീണ, ജില്ലാ കലക്ടര്‍ ഉജ്ജ്വല്‍ റാത്തോര്‍ എന്നിവര്‍ ആശുപത്രി സന്ദര്‍ശിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ആറ് ഡോക്ടര്‍മാരെയും 10 നഴ്‌സുമാരെയും അധികമായി നിയോഗിച്ചു. 2019 ഡിസംബറില്‍ നൂറോളം കുട്ടികളാണ് ഈ ആശുപത്രിയില്‍ മരിച്ചത്.