Asianet News MalayalamAsianet News Malayalam

ശ്രമിക് ട്രെയിന്‍ യാത്രക്കിടയില്‍ 97 പേര്‍ മരിച്ചിട്ടുണ്ടെന്ന് കേന്ദ്രം, നടത്തിയത് 4621 സര്‍വ്വീസ്

97 കേസുകളില്‍ 87 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരുന്നുവെന്നും കേന്ദ്രം. യാത്രയ്ക്കിടെ ഭക്ഷണം, വെള്ളം എന്നിവ ലഭ്യമല്ലെന്ന് ഐആര്‍സിടിസിയ്ക്ക് 113 പരാതിയാണ് ലഭിച്ചതെന്നും പീയൂഷ് ഗോയല്‍ 

97 people were reported dead till September 9 while travelling on-board Shramik Special Trains  says Union railway minister Piyush Goyal
Author
New Delhi, First Published Sep 19, 2020, 3:00 PM IST

ദില്ലി: ലോക്ക്ഡൌണ്‍ കാലത്ത് പ്രഖ്യാപിച്ച  പ്രത്യേക ട്രെയിനായ ശ്രമിക് ട്രെയിന്‍ യാത്രക്കിടയില്‍ സെപ്തംബര്‍ 9 വരെയുള്ള കാലയളവില്‍ 97 പേര്‍ മരിച്ചിട്ടുണ്ടെന്ന് കേന്ദ്രം. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍റെ ചോദ്യങ്ങള്‍ക്കാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്‍റേതാണ് മറുപടി. 97 കേസുകളില്‍ 87 മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരുന്നുവെന്നും കേന്ദ്രം വ്യക്തമാക്കുന്നു. 51 പേരുടെ മരണകാരണമായുള്ളത് ഹൃദയ സ്തംഭനം, ഹൃദയ സംബന്ധിയായ തകരാറുകള്‍, ബ്രെയിന്‍ ഹെമറേജ്, നേരത്തെയുള്ള അസുഖങ്ങള്‍, കരള്‍ രോഗം എന്നിവയാണെന്നും കേന്ദ്രം രാജ്യസഭയെ അറിയിച്ചു.

മെയ് 1 മുതലാണ് അന്യ സംസ്ഥാന തൊഴിലാളികളെ തിരകെ നാടുകളിലെത്തിക്കാനായി പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിച്ചത്. മെയ് 1 നും ആഗസ്റ്റ് 31 നും ഇടയില്‍ 4621 സര്‍വ്വീസുകള്‍ നടന്നതായും കേന്ദ്രം വ്യക്തമാക്കുന്നു.6319000 യാത്രക്കാരാണ് പ്രത്യേക സര്‍വ്വീസിന്‍റെ സൌകര്യം പ്രയോജനപ്പെടുത്തിയതെന്നും കേന്ദ്രം രാജ്യസഭയെ അറിയിച്ചു. 97 മരണവും അസ്വഭാവിക മരണത്തിന് കേസെടുത്ത് അതാത് സംസ്ഥാനങ്ങളില്‍ അന്വേഷണം നടക്കുന്നവയാണെന്നും പിയൂഷ് ഗോയല്‍ സഭയെ അറിയിച്ചു. നേരത്തെ ഈ പ്രത്യേക ട്രെയിനുകളില്‍ പട്ടിണി മൂലം ആളുകള്‍ മരിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ട്രെയിന്‍ യാത്രക്കാര്‍ അസുഖബാധിതരായാല്‍ ട്രെയിന്‍ നിര്‍ത്തി ചികിത്സ തേടുന്നതില്‍ റെയില്‍വേ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് റെയില്‍വേ ബോര്‍ഡ് സിഇഒ വി കെ യാദവ് മെയ് മാസം മാധ്യമങ്ങളോട് പ്രതികരിച്ചത്.

യാത്രയ്ക്കിടെ ഭക്ഷണം, വെള്ളം എന്നിവ ലഭ്യമല്ലെന്ന് ഐആര്‍സിടിസിയ്ക്ക് 113 പരാതിയാണ് ലഭിച്ചതെന്നും പീയൂഷ് ഗോയല്‍  പറയുന്നു. യാത്രക്കാരില്‍ നിന്ന് നേരിട്ട് പണം ഈടാക്കിയിട്ടില്ലെന്നും അതത് സംസ്ഥാനങ്ങളാണ് യാത്രക്കാരില്‍ നിന്ന് പണം സ്വീകരിച്ച് റെയില്‍വേയ്ക്ക് നല്‍കിയതെന്നും പിയൂഷ് ഗോയല്‍ കൂട്ടിച്ചേര്‍ക്കുന്നു. മെയ് 1 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള സമയത്ത് 433 കോടി രൂപ ഇത്തരത്തില്‍ ലഭിച്ചിട്ടുണ്ടെന്നും റെയില്‍വേ മന്ത്രി വ്യക്തമാക്കി. നേരത്തെ ആര്‍പിഎഫില്‍ നിന്നുള്ള വിവരങ്ങളെ ഉദ്ധരിച്ച് മെയ് 9 നും മെയ് 27നും ഇടയില്‍ 80 പേര്‍ ട്രെയിന്‍ യാത്രയ്ക്കിടയില്‍ മരിച്ചുവെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 

Follow Us:
Download App:
  • android
  • ios