കഴിഞ്ഞ ഒരുമാസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 99 ആയി. അണുബാധയും തണുപ്പുമാണ് മരണകാരണമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ കണ്ടെത്തൽ.
ജയ്പൂര്‍: രാജസ്ഥാനിലെ കോട്ട സര്‍ക്കാര്‍ ആശുപത്രിയിൽ ഇന്ന് ഒരു കുട്ടി കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 99 ആയി. അണുബാധയും തണുപ്പുമാണ് മരണകാരണമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ കണ്ടെത്തൽ. സംഭവത്തിൽ രാജസ്ഥാൻ സര്‍ക്കാരിനോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരുന്നു.
കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ 15 കുട്ടികളാണ് കോട്ടയില്‍ മരിച്ചത്. ശിശുമരണനിരക്ക് കൂടുന്നതിനെ കുറിച്ച് വിദഗ്‍ധ സംഘം റിപ്പോര്‍ട്ട് നൽകിയെങ്കിലും പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ ആവശ്യത്തിന് ഉപകരണങ്ങൾ പോലും ഇല്ലെന്ന് ആശുപത്രി സന്ദര്‍ശിച്ച ദേശീയ ബാലാവകാശ കമ്മീഷനും ചൂണ്ടിക്കാട്ടിയിരുന്നു.
ശിശുമരണത്തെ കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധൻ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. കുട്ടികളുടെ ഘാതകരായി രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാര്‍ മാറുകയാണെന്ന് ബി ജെ പി ആരോപിച്ചു. പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ കുട്ടികളുടെ മരണം ബി ജെ പി രാഷ്ട്രീയ ആയുധമാക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം.
വിദഗ്‍ധരായ ഡോക്ടർമാരുടെ സേവനം ആവശ്യമെങ്കിൽ നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇതു സംബന്ധിച്ച തീരുമാനമെടുക്കുക.
