ദില്ലി: മുസ്ലിംകളും ശ്രീരാമനെ ആരാധിച്ചിരുന്നെന്ന് യോഗാ ഗുരു ബാബാ രാംദേവ്.  ഇന്ത്യയിലെ 99 ശതമാനം മുസ്ലിംകളും  മതപരിവര്‍ത്തനം ചെയ്യപ്പെട്ട് എത്തിയവരാണെന്നാണ് വിശ്വസിക്കുന്നതെന്നും രാംദേവ് പറഞ്ഞു. അയോധ്യ കേസിലെ സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് രാംദേവിന്‍റെ പ്രസ്താവന. 

'സുപ്രീംകോടതി വിധിയെ രാജ്യത്തിന്‍റെ ഐക്യത്തിന്‍റെ ഭാഗമായാണ് കാണുന്നത്. രാമക്ഷേത്രം ഏറ്റവും  മനോഹരമായി നിര്‍മ്മിക്കണമെന്നതാണ് ഇന്ത്യയിലെ ഹിന്ദുക്കളുടെ സ്വപ്നം. നമ്മുടെ സാസ്കാരിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതാവണം ക്ഷേത്രം. ഹിന്ദുക്കള്‍ക്ക് മാത്രമല്ല മുസ്ലിംകള്‍ക്കും ശ്രീരാമന്‍ ആരാധ്യപുരുഷനായിരുന്നു'- ബാബാ രാംദേവ് പറഞ്ഞു.

കത്തോലിക്കക്കാര്‍ക്ക് വത്തിക്കാന്‍ പോലെ, മുസ്ലിംകള്‍ക്ക് മക്ക പോലെ, സിഖ് മതവിശ്വാസികള്‍ക്ക് സുവര്‍ണക്ഷേത്രം പോലെ തന്നെയാണ് ഹിന്ദുക്കള്‍ക്ക് അയോധ്യയെന്നും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മുസ്ലിംകളും പള്ളി പണിയാന്‍ ഹിന്ദുക്കളും പരസ്പരം സഹായിക്കണമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.