ദില്ലി: തെരഞ്ഞെടുപ്പിന് പിന്നാലെ വന്ന എക്സിറ്റ് പോള് ഫലങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ദില്ലിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ഭരണം തുടരാന്‍ എഎപിയും പിടിക്കാന്‍ ബിജെപിയും ഇറങ്ങിയ രാജ്യ തലസ്ഥാനം വീണ്ടും ചൂലിന്‍റെ വിപ്ലവം രചിക്കുകയും ചെയ്തു. വോട്ടെണ്ണല്‍ ചിത്രം വ്യക്തമായതോടെ 55ലധികം സീറ്റുകളില്‍ എഎപി വിജയം ഉറപ്പിച്ചുകഴിഞ്ഞു. 

നില മെച്ചപ്പെടുത്തിയെങ്കിലും ദില്ലി പിടിക്കുമെന്ന ബിജെപിയുടെ ലക്ഷ്യം സാധ്യമായില്ല. ഫലം പുറത്തുവരുന്നതിനിടെയാണ് ദില്ലിയിലെ ബിജെപി ഓഫീസില്‍ സ്ഥാപിച്ച ഒറു പോസ്റ്റര്‍ ശ്രദ്ധേയമാകുന്നത്. പോസ്റ്ററിലെ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. വിജയം ഞങ്ങളെ അഹങ്കാരികളാക്കുന്നില്ല, പരാജയം ഞങ്ങളെ നിരാശപ്പെടുത്തുകയുമില്ല. അമിത് ഷായുടെ ചിത്രമുള്ള പോസ്റ്ററിലാണ് ഈ വാചകങ്ങളുള്ളത്. 

ജയിച്ചാലും തോറ്റാലും ബിജെപി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം തുടരുമെന്നാണ് പോസ്റ്ററിന്‍റെ ആശയമെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ദില്ലിയിലെ എക്സിറ്റുപോളുകളെയെല്ലാം തള്ളി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പിടിച്ചെടുക്കുമെന്നായിരുന്നു അമിത് ഷായും ആത്മവിശ്വാസം പ്രകടിപ്പിച്ചത്.