ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോസംരക്ഷണ ട്രസ്റ്റിനായി ഈ തുക വിനിയോഗിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഈ സംഭാവന. ക്ഷേത്രത്തില്‍ ആരാധന നടത്തിയ ശേഷം ഇരുവരും തിരുമല തിരുപ്പതി ദേവസ്ഥാനം അഡീഷണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ വി ധര്‍മ്മ റെഡ്ഡിക്ക് ഡിഡി കൈമാറുകയായിരുന്നു.

ബം​ഗളൂരു: ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിലേക്ക് ഒരു കോടി രൂപ സംഭാവനയായി നൽകി ഭക്തൻ. ബംഗളുരൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനി ഉടമയായ അമര്‍നാഥ് ചൗധരിയും ഭാര്യയുമാണ് സംഭാവനയായി ക്ഷേത്രത്തില്‍ തുക നല്‍കിയത്. ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോസംരക്ഷണ ട്രസ്റ്റിനായി ഈ തുക വിനിയോഗിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് സംഭാവന. ക്ഷേത്രത്തില്‍ ആരാധന നടത്തിയ ശേഷം ഇരുവരും തിരുമല തിരുപ്പതി ദേവസ്ഥാനം അഡീഷണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ വി ധര്‍മ്മ റെഡ്ഡിക്ക് ഡിഡി കൈമാറുകയായിരുന്നു.

സോഫ്റ്റ്‌വെയര്‍ കമ്പനി ഫലപ്രദമായി നടത്തുന്നതിന് 9 വര്‍ഷം മുന്‍പ് വെങ്കിടേശ്വരന് നൽകാമെന്ന് പറഞ്ഞ നേര്‍ച്ചയുടെ പൂര്‍ത്തീകരണമാണ് ഈ സംഭാവനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്ഷേത്ര കര്‍മ്മങ്ങള്‍ക്കും മറ്റും പാല്‍ വിതരണം ചെയ്യുന്ന തിരുമല തിരുപ്പതി ദേവസ്ഥാനത്തിലെ ഡയറി ഫാമിലെ പശുക്കളുടെ ക്ഷേമത്തിനായി തുക വിനിയോഗിക്കണമെന്നാണ് ചൗധരിയുടെ ആവശ്യം.

വരുമാനത്തിലും ആസ്തിയിലും ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാല്‍പ്പതിനായിരത്തോളം ഭക്തരാണ് ദിനവും ഇവിടെ ദര്‍ശനത്തിനെത്തുന്നത്. ഇവിടെ കാണിക്കയായി മാത്രം ദിവസം രണ്ടേകാല്‍ കോടി രൂപവരെ ലഭിക്കാറുണ്ടെന്നാണ് കണക്കുകള്‍. 2019 ഡിസംബറിൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള, പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത ഭക്തൻ തിരുപ്പതി ക്ഷേത്രത്തിൽ ഒരു കോടി രൂപ സംഭാവന നൽ‌കിയിരുന്നു. ഇവിടെയെത്തുന്ന ഭക്തർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതിലേക്ക് ഈ തുക വിനിയോ​ഗിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്.