20 ഗ്രാമിന്റെ സ്വർണ മാസ്ക് ധരിച്ച് സാനിറ്റൈസറും തെർമ്മൽ ഗണ്ണും കൈകളിലേന്തിയുള്ള ദുർഗ വിഗ്രഹം നാടിന് സമർപ്പിച്ചു.
കൊൽക്കത്ത: 20 ഗ്രാമിന്റെ സ്വർണ മാസ്ക് ധരിച്ച് സാനിറ്റൈസറും തെർമ്മൽ ഗണ്ണും കൈകളിലേന്തിയുള്ള ദുർഗ വിഗ്രഹം നാടിന് സമർപ്പിച്ചു. വിഗ്രഹത്തിന്റെ ആശയ മാതൃക ഞായറാഴ്ചയാണ് പുറത്തിറക്കിയത്. കൊൽക്കത്തയിലെ ബാഗുയതി പ്രദേശത്തെ പൂജ പന്തലിലാണ് വിഗ്രഹത്തിന്റെ മാതൃക ഒരുക്കിയിരിക്കുന്നത്.
ദുർഗ ദേവിയുടെ വിഗ്രഹത്തിൽ നിന്ന് വ്യത്യസ്തമായി തെർമൽ ഗൺ, സാനിറ്റൈസർ, സിറിഞ്ച് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ കൈകളിലേന്തി നിൽക്കുന്ന ദുർഗ വിഗ്രഹമാണ് നിർമിച്ചിരിക്കുന്നത്. മുഖത്ത് 20 ഗ്രാം സ്വർണത്തിൽ തീർത്ത മാസ്ക് ധരിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് മഹാമാരി കടുത്ത പ്രതിസന്ധി തീർക്കുന്ന സാഹചര്യത്തിൽ സുരക്ഷിതരായി ഇരിക്കേണ്ടതിന്റെ പ്രാധാന്യം വെളിവാക്കാനാണ് സംഘാടകർ ശ്രമിച്ചത്. സ്വർണ മാസ്ക് വിലകൂടിയ മാസ്ക് എന്ന നിലയിൽ മാത്രം കാണരുത്. സ്വർണമാസ്ക് ധരിപ്പിക്കുകയല്ല മറിച്ച് മാസ്ക് ധരിക്കേണ്ടതിന്റെയും ശുചിയാക്കലിന്റെയും പ്രാധാന്യവും വിലയും തിരിച്ചറിയാനുള്ള ഓർമപ്പെടുത്തലാണ് ലക്ഷ്യമെന്നും തൃണമൂൽ എംഎൽഎയും ബംഗാളി ഗായികയുമായ അതിഥി മുൻഷി പറഞ്ഞു.
സ്വർണ മാസ്ക് ധരിച്ചിരിക്കുന്നത് കൊവിഡ് പോരാട്ടത്തിൽ മുൻനിരയിലുള്ള ബംഗാളിലെ കരുത്തരായ സ്ത്രീകളാണെന്നും അവർ കൂട്ടിച്ചേർത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
