ദില്ലി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഒമര്‍ അബ്ദുള്ളയുടെ ചിത്രങ്ങള്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ. ജനുവരി 25ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് തന്‍റെ ഞെട്ടല്‍ രേഖപ്പെടുത്തി ട്വിറ്ററിലെത്തിയത്. തനിക്ക് ഒമര്‍ അബ്ദുള്ളയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും രാജ്യം എിതെങ്ങോട്ടാണ് പോകുന്നതെന്നും മമത ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

ഇതിനുപിന്നാലെ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി എന്നിവരും ട്വിറ്ററിലൂടെ പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിനെക്കുറിച്ചുള്ള അസ്വസ്ഥമാക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ ചിത്രം വിരല്‍ ചൂണ്ടുന്നതെന്ന് യെച്ചൂരി ട്വീറ്റ് ചെയ്തു. യാതൊരു കുറ്റവും ചുമത്താതെയാണ് മാസങ്ങളായി മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഒരാളെ തടങ്കലില്‍ വച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

''ഒമര്‍ അബ്ദുള്ളയെ നിയമവിരുദ്ധമായി തടങ്കലില്‍ വച്ച സംഭവം ഉദാസീനമായി കണക്കിലെടുക്കുന്നവര്‍ ഓര്‍മ്മിക്കണം, കഴിഞ്ഞ ആറ് മാസമായി പുറംലോകവുമായോ പ്രിയപ്പെട്ടവരുമായോ യാതൊരു ബന്ധവുമില്ലാതെ കഴിയുകയാണ് ഒമര്‍ അബ്ദുള്ള. ബാഹ്യരൂപം എങ്ങനെയെന്നതോ ട്വീറ്റ് ചെയ്യുന്നതോ അദ്ദേഹത്തിന് നിസ്സാരമായ വിഷയങ്ങളാണ്...'' -  മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായ മെഹ്ബൂബ മുഫ്തിയും തടങ്കലിലാണ്. എന്നാല്‍ മെഹ്ബൂബയുടെ അനുവാദപ്രകാരം മകള്‍ ഇല്‍തിജ മുഫ്തിയാണ് ഇപ്പോള്‍ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്നത്. 

കഴിഞ്ഞ ഓഗസ്റ്റ് 5 -നാണ് കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ രാഷ്ട്രീയതലക്കുറി തിരുത്തിയെഴുതിയത്. സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി മാറിയ ശേഷം അന്നുവരേയും ജമ്മുകശ്മീർ സംസ്ഥാനം അനുഭവിച്ചുകൊണ്ടിരുന്ന സവിശേഷ പദവി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ നഷ്ടപ്പെട്ടിരുന്നു. അത് ഒരു സംസ്ഥാനം അല്ലാതെയായി. ജമ്മു കശ്മീർ എന്നും ലഡാക്കെന്നും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനം വിഭജിക്കപ്പെട്ടിരുന്നു. 

വിപ്ലവകരമായ ആ തീരുമാനം എടുക്കുന്നതിന്റെ തലേന്ന് ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ മൂന്ന് മുൻ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കിയിരുന്നു. തടങ്കലിൽ ചെലവിട്ട നാലുമാസവും ഒമർ അബ്ദുള്ള പ്രതിഷേധം എന്ന നിലയ്ക്ക് താടി വളർത്തുന്നുണ്ടെന്ന് സൂചനയുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഒമർ അബ്ദുള്ളയുടേതെന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രം കണ്ടാൽ ചിത്രത്തിലുള്ളത് അദ്ദേഹമാണ് എന്ന് വിശ്വസിക്കാൻ പോലും ആർക്കുമായെന്നു വരില്ല. ഒരാളെ ആർട്ടിക്കിൾ 370 എങ്ങനെ മാറ്റും എന്ന് നോക്കൂ എന്ന ടാഗ്‌ലൈനോടെയാണ് പലരും ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്.