ദില്ലി:ദില്ലിയില്‍ സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് ദില്ലി നിയുക്തമുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഫെബ്രുവരി 16 ന് രാംലീല മൈതാനില്‍ നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങിലേക്കാണ് പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചത്. നിയമസഭാതെരഞ്ഞെടുപ്പില്‍ 70 ല്‍ 62 സീറ്റും പിടിച്ചെടുത്ത് ഭരണത്തുടര്‍ച്ച നേടിയ കെജ്രിവാള്‍ ബിജെപിയെ 8 സീറ്റുകളിലേക്ക് ഒതുക്കിയാണ് രാജ്യതലസ്ഥാനം ഇത്തവണയും ഉറപ്പിച്ചത്. ഇത് മൂന്നാം തവണയാണ് കെജ്രിവാളിന്‍റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി ദില്ലിയില്‍ അധികാരത്തിലേറുന്നത്.

ദില്ലി തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനിയെങ്കിലും കെജ്‌രിവാൾ ഷാഹീൻബാഗിലെത്തുമോ?

മറ്റൊരു സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളോ മുഖ്യമന്ത്രിമാരോ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ ആംദ്മി നേതാവ് ഗോപാല്‍ റായ് വ്യക്തമാക്കിയിരുന്നു. ദില്ലിക്കാരുടെ മകനും, സഹോദരനുമൊക്കെയായ അരവിന്ദ് കെജ്‍രിവാളിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് എല്ലാ ദില്ലിക്കാര്‍ക്കും സ്വാഗതമെന്നായിരുന്നു ആം ആദ്മി നേതാവ് മനീഷ് സിസോദിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍  ഇപ്പോള്‍ പ്രധാമന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ച് കേന്ദ്രവുമായുള്ള ബന്ധം സുഗമമാക്കാനുള്ള ശ്രമത്തിലാണ് കെജ്രിവാള്‍. 

അതിഷി മര്‍ലേന, രാഘവ് ചന്ദ ഉൾപ്പടെ യുവമുഖങ്ങൾ ഇത്തവണത്തെ കെജ്‍രിവാള്‍ മന്ത്രിസഭയിലെത്തും.  മനീഷ് സിസോദിയ, ഗോപാല്‍ റായ്, സോംനാഥ് ഭാരതി, തുടങ്ങിയ മുതിര്‍ന്ന നേതാക്കൾക്ക് പ്രധാന വകുപ്പുകൾ ലഭിച്ചേക്കുമെന്നാണ് വിവരം.