അയോധ്യ സംഭാവന അപഹരണത്തിൽ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ. കോടിക്കണക്കിന് രൂപയുടെ സംഭാവന മോഷ്ടിക്കപ്പെട്ടിട്ടും ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കെജ്രിവാൾ.
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച കോടിക്കണക്കിന് രൂപയും വെള്ളിക്കട്ടികളും കാണാതായ സംഭവത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കെജ്രിവാൾ. കോടിക്കണക്കിന് രൂപയുടെ സംഭാവന മോഷ്ടിക്കപ്പെട്ടിട്ടും ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സർക്കാർ ആരെയാണ് സംരക്ഷിക്കുന്നതെന്നും അരവിന്ദ് കെജ്രിവാൾ ചോദിച്ചു. പ്രതികൾ എത്ര ഉന്നതരാണെങ്കിലും ജയിലിൽ അടയ്ക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
"കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസകേന്ദ്രമാണ് രാമക്ഷേത്രം. ആ രാമക്ഷേത്രത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സംഭാവന മോഷ്ടിക്കപ്പെട്ടിട്ടും ഒരു എഫ്ഐആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. സർക്കാർ ആരെയാണ് സംരക്ഷിക്കുന്നത്? ഈ പാപത്തിൽ പങ്കാളികളായവർ എത്ര ഉന്നതരാണെങ്കിലും ജയിലിലടയ്ക്കണം. കോടിക്കണക്കിന് ആളുകളുടെ വിശ്വാസം സംരക്ഷിക്കുക എന്നത് അത്യാവശ്യമാണ്"- അരവിന്ദ് കെജ്രിവാൾ എക്സിൽ കുറിച്ചു.
കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപി സർക്കാരുകൾ ഉണ്ടായിട്ടും സംഭവത്തിൽ യാതൊരുവിധ റെയ്ഡോ അറസ്റ്റോ ഉണ്ടായിട്ടില്ലെന്നും കെജ്രിവാൾ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. പ്രമുഖർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്, നടപടിയുണ്ടായാൽ സർക്കാർ വീണുപോയേക്കാം. സർക്കാരാണോ കോടിക്കണക്കിന് ആളുകളുടെ വിശ്വാസമാണോ സംരക്ഷിക്കപ്പെടേണ്ടതെന്നും അരവിന്ദ് കെജ്രിവാൾ ചോദിച്ചു.
അതേസമയം രാമക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച കോടിക്കണക്കിന് രൂപ കാണാതായ സംഭവത്തിൽ മൂന്നംഗ എസ്ഐടിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. എസ്ഐടി സംഘം ക്ഷേത്രത്തിൽ കാണിക്ക എണ്ണി തിട്ടപ്പെടുത്തുന്ന അഞ്ച് ജീവനക്കാരെ ചോദ്യംചെയ്ത് വിട്ടയച്ചു. 200 കോടിയോളം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് എസ്ഐടി.
ക്ഷേത്രം നടത്തിപ്പുകാരായ ശ്രീരാമ ജന്മഭൂമി മന്ദിർ ട്രസ്റ്റിന്റെ അഭ്യർത്ഥനപ്രകാരം ഉത്തർ പ്രദേശ് സർക്കാരാണ് അന്വേഷണത്തിനായി സമിതിയെ രൂപീകരിച്ചത്. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത് ഐഎഎസ്, റേഞ്ച് ഐജി കിരൺ എസ് ഐപിഎസ്, ധനകാര്യ സ്പെഷ്യൽ സെക്രട്ടറി നീൽ രത്തൻ എത്തിവരാണ് എസ്ഐടി അംഗങ്ങൾ. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ സർക്കാർ എസ്ഐടിക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതിനിടെ, ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകളിൽനിന്ന് പൊതുജനങ്ങളും രാഷ്ട്രീയ പാർട്ടികളും വിട്ടുനിൽക്കണമെന്ന അഭ്യർത്ഥനയുമായി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം രംഗത്തെത്തി. അന്വേഷണ റിപ്പോർട്ടിനായി 15 ദിവസം കാത്തിരിക്കാനും യോഗി ആദിത്യനാഥ് ജനങ്ങളോട് ആവശ്യപ്പെട്ടു.


