കാലങ്ങളായി ഗുജറാത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. ഇവിടേക്ക് 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കടന്നുവന്നിരുന്നു

അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസിനൊപ്പം തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുമെന്ന് ആം ആദ്മി പാർട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിക്കുമെന്നും കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ച നടത്തുമെന്നും പാർട്ടിയുടെ ഗുജറാത്ത് സംസ്ഥാന അധ്യക്ഷൻ ഇസുദാൻ ഗഡ്‍വി വ്യക്തമാക്കി. ദില്ലി ഓർഡിനൻസ് വിഷയത്തിൽ ലോക്സഭയിലും രാജ്യസഭയിലും ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി പൊരുതിയപ്പോൾ മുന്നിൽ നിന്ന് നയിച്ചത് കോൺഗ്രസായിരുന്നു. ഇതാണ് ഇരുപാർട്ടികളും തമ്മിലെ ബന്ധം ശക്തിപ്പെടുത്താൻ സാധിക്കും വിധം നിർണായകമായത്. എന്നാൽ ഇത്തരമൊരു സഖ്യ ചർച്ചയിലേക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വം എത്തിയിട്ടില്ല. ഇക്കാര്യങ്ങൾ ദില്ലിയിൽ ഹൈക്കമാന്റ് നേതൃത്വത്തിലാണ് നടക്കുകയെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നത്.

കാലങ്ങളായി ഗുജറാത്തിൽ ബിജെപിയും കോൺഗ്രസും തമ്മിലാണ് മത്സരം. ഇവിടേക്ക് 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി കടന്നുവന്നിരുന്നു. തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ ജയിക്കാനും ആം ആദ്മി പാർട്ടിക്ക് സാധിച്ചു. കോൺഗ്രസ് വൻ തിരിച്ചടി ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പിൽ ഏഴാം വട്ടവും അധികാരത്തിലെത്തിയത് ബിജെപിയായിരുന്നു. 182 സീറ്റിൽ 156 ലും ബിജെപി സ്ഥാനാർത്ഥികൾ ജയിച്ചു. വെറും 17 സീറ്റിലേക്ക് കോൺഗ്രസ് ചുരുങ്ങി. 

ദില്ലി ഭരണ നിയന്ത്രണ ബില്‍ രാജ്യസഭയിലും പാസായി; ശക്തമായ വാദപ്രതിവാദം, പ്രതിപക്ഷത്തെ നേരിട്ട് അമിത് ഷാ

ആം ആദ്മി പാർട്ടിയുടെയും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെയും ശക്തമായ പ്രചാരണമാണ് കോൺഗ്രസ് വോട്ട് ഭിന്നിപ്പിച്ചതെന്നാണ് തെരഞ്ഞെടുപ്പിന് ശേഷം നടന്ന വിലയിരുത്തൽ. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ 17 സീറ്റുകളിൽ 12 ഉം ബിജെപിയാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ജയിച്ചത്. സൗരാഷ്ട്ര മേഖലയിലും കോൺഗ്രസ് വോട്ടുകൾ ആം ആദ്മി പാർട്ടിയുടെ സാന്നിധ്യത്തെ തുടർന്ന് ഭിന്നിച്ചു. ബിജെപിക്ക് ഇതെല്ലാം വലിയ നേട്ടമായി. അഞ്ച് നിയമസഭാ സീറ്റുകളിൽ ജയിച്ച ആം ആദ്മി പാർട്ടി 13 ശതമാനം വോട്ട് നേടി. 27 ശതമാനം വോട്ടാണ് കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കിട്ടിയത്. ബിജെപിക്ക് 52 ശതമാനം വോട്ടും ലഭിച്ചു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഒന്നിച്ച് ഭിന്നതകളില്ലാതെ മത്സരിക്കാൻ ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനും സാധിച്ചാൽ സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയ സമവാക്യം ഉരുത്തിരിയും. ഇത് ആർക്ക് നേട്ടമാകുമെന്നത് തെരഞ്ഞെടുപ്പിന് ശേഷമേ വ്യക്തമാകൂ.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്