അഭിനന്ദന്റെ ധീരതയെക്കുറിച്ചുള്ള കഥകൾ രാജസ്ഥാനിലെ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തുകയാണ്. അഭിനന്ദനോടുള്ള ബഹുമാന സൂചകമായാണ് ഇത്തരമൊരു നടപടിയെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

ജയ്പൂർ: ഇന്ത്യൻ വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതകഥ സ്കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച് രാജസ്ഥാൻ സർക്കാർ. വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദൊത്താസറയുടെ നിർദ്ദേശപ്രകാരമാണ് അഭിനന്ദന്റെ ജീവിതം പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സർക്കാർ തീരുമാനിച്ചത്.

'അഭിനന്ദന്റെ ധീരതയെക്കുറിച്ചുള്ള കഥകൾ രാജസ്ഥാനിലെ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തുകയാണ്. അഭിനന്ദനോടുള്ള ബഹുമാന സൂചകമായാണ് ഇത്തരമൊരു തീരുമാനം. ജോധ്പൂരിൽ നിന്നാണ് അഭിനന്ദൻ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ'തെന്നും മന്ത്രി ട്വീറ്റ് ചെയ്തു. എന്നാൽ ഏത് ക്ലാസിലെ പാഠപുസ്തകത്തിലാണ് അഭിനന്ദന്റെ കഥ പറയുന്ന അധ്യായം ഉൾപ്പെടുത്തുകയെന്ന് മന്ത്രി വ്യക്തമാക്കിയില്ല. 

ഫെബ്രുവരി 27നാണ് വ്യോമാക്രമണം ചെറുക്കുന്നതിനിടെ അഭിനന്ദന്‍ വര്‍ധമാൻ പാക് സേനയുടെ പിടിയിലായത്. പാക് പിടിയിലായി മൂന്ന് ദിവസത്തിനകം അഭിനന്ദനെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചു. വാഗാ അതിര്‍ത്തിയില്‍ വെച്ചാണ് അഭിനന്ദനെ പാകിസ്താന്‍ സൈന്യം ഇന്ത്യയ്ക്ക് കൈമാറിയത്. വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥര്‍ ചേർന്ന് അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയിലേക്ക് സ്വീകരിച്ചു.