മിന്നൽ ഉൾപ്പെടെയുള്ള കെഎസ്ആർടിസി ദീർഘദൂര ബസുകളിൽ യാത്രക്കാരുടെ സുരക്ഷയ്ക്കായി സീറ്റ് ബെൽറ്റ് ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. എംഎൽഎ അബിൻ വർക്കിയുടെ ചോദ്യത്തിന് മറുപടിയായി ഗതാഗത മന്ത്രി സി പി ജോൺ ആണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ഈ പുതിയ നീക്കം.
തിരുവനന്തപുരം: മിന്നൽ ഉൾപ്പടെയുള്ള ദീർഘദൂര കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സീറ്റ് ബെൽറ്റ് ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി സി പി ജോൺ നിയമസഭയിൽ അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിൽ അബിൻ വർക്കി എംഎൽഎ ഉയർത്തിയ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ദീർഘദൂര സർവീസുകളിൽ രാത്രികാലങ്ങളിൽ പുഷ്ബാക്ക് സീറ്റുകൾ ഉപയോഗിച്ച് ഉയർന്ന വേഗതയിൽ സഞ്ചരിക്കുമ്പോൾ, പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യങ്ങളിൽ യാത്രക്കാർക്ക് അപകടവും പരിക്കുകളും സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അബിൻ വർക്കി എംഎൽഎയുടെ ചോദ്യം. സഡൻ ബ്രേക്ക് ഉപയോഗിക്കുന്ന സമയങ്ങളിൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, ദീർഘദൂര ബസുകളിൽ സീറ്റ് ബെൽറ്റ് നടപ്പിലാക്കുന്നതിനായി സംബന്ധിച്ച് വിവിധ മോഡലുകൾ വെച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നല്ല നിർദേശമാണ് അബിൻ വർക്കി എംഎൽഎ മുന്നോട്ട് വെച്ചതെന്നും സീറ്റ് ബെൽറ്റ് ഏർപ്പെടുത്തുന്നതിലൂടെ അപകട സാധ്യതകൾ വലിയ അളവിൽ ഒഴിവാക്കാൻ സാധിക്കുമെന്നും മന്ത്രി സി പി ജോൺ കൂട്ടിച്ചേർത്തു. നേരത്തെ കെഎസ്ആർടിസി മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംഡിക്ക് അബിൻ വർക്കി എംഎൽഎ കത്ത് നൽകിയിരുന്നു.


