ഗേൾസ് ഹോസ്റ്റലിൽ എസി കംപ്രസർ പൊട്ടിത്തെറിച്ച് തീപിടുത്തം. 160ഓളം വിദ്യാർത്ഥിനികൾ താമസിച്ചിരുന്ന ഹോസ്റ്റലിൽ നിന്നും പലരും ബാൽക്കണിയിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒരാൾക്ക് പരിക്ക്.

നോയിഡ: എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതിനെ ഹോസ്റ്റലിൽ വൻ തീപിടുത്തം. ഗ്രേറ്റ‍ർ നോയിഡ നോളജ് പാർക്ക് -3ലെ അന്നപൂർണ ഗേൾസ് ഹോസ്റ്റലിൽ കഴി‌ഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. 160ഓളം പെൺകുട്ടികൾ താമസിച്ചിരുന്ന കെട്ടിടത്തിലെ എയർ കണ്ടീഷണറാണ് പൊട്ടിത്തെറിച്ചത്.

പൊട്ടിത്തെറിക്ക് പിന്നാലെ തീ പടർന്നുപിടിച്ചതോടെ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥിനികൾ ബാൽക്കണിയിൽ ഇറങ്ങി അതുവഴി താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. രണ്ടാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങാൻ ശ്രമിക്കവെ വഴുതി താഴേക്ക് വീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോസ്റ്റലിൽ സ്ഥാപിച്ചിരുന്ന ഒരു എസിയുടെ കംപ്രസർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് നോയിഡ ചീഫ് ഫയർ ഓഫീസർ പ്രദീപ് കുമാർ പറഞ്ഞു. പിന്നീട് എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചതായും അധികൃതർ അറിയിച്ചു.

Scroll to load tweet…

തീപിടുത്തം സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ രണ്ട് അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രിക്കാൻ ശ്രമങ്ങൾ തുടങ്ങിയിരുന്നു. പ്രദേശവാസികളുടെ കൂടെ സഹായത്തോടെ എല്ലാ വിദ്യാ‍ർത്ഥികളെയും അപകടമൊന്നുമില്ലാതെ എത്രയും വേഗം പുറത്തിറക്കാൻ സാധിച്ചതായും ഇതിനിടെ അഗ്നിശമന സേനാ അംഗങ്ങൾ തീ പൂർണമായും കെടുത്തുകയായിരുന്നു എന്നും ചീഫ് ഫയർ ഓഫീസർ അറിയിച്ചു. 

ബാൽക്കണിക്ക് പുറത്ത് നാട്ടുകാർ കൊണ്ടുവെച്ചു കൊടുത്ത ഗോവണിയിലൂടെ കുട്ടികൾ താഴേക്ക് ഇറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ ഇറങ്ങുമ്പോഴാണ് ഒരു കുട്ടിക്ക് ബാലൻസ് തെറ്റി വീണ് പരിക്കേറ്റത്. മറ്റാർക്കും പരിക്കുകളില്ലെന്നും തുടർന്ന് ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അഗ്നിശമന സേന അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം