ലക്നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്താന്‍ പ്രതികളെ പ്രേരിപ്പിച്ചത് മുന്‍ വൈരാഗ്യമെന്ന് പൊലീസ്. യുവതിയുടെയും പ്രതികളുടേയും കുടുംബങ്ങള്‍ തമ്മില്‍ പതിറ്റാണ്ടായി ശത്രുതയിലായിരുന്നു. 2001ല്‍ യുവതിയുടെ മുത്തച്ഛനെ പ്രതികളുടെ കുടുംബാംഗങ്ങള്‍ മര്‍ദ്ദിച്ചിരുന്നു. ഈകേസില്‍ നരേന്ദ്ര, രവി എന്നിവര്‍ 20 ദിവസം ജയിലില്‍ കിടന്നു. 

അന്നുമുതല്‍ ആരംഭിച്ച കുടിപ്പകയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനും രവി ഉള്‍പ്പടെയുളള പ്രതികളെ പ്രേരിപ്പിച്ചതെന്നാണ് പൊലിസ് നിഗമനം. കേസില്‍ അറസ്റ്റിലായ രവിയും സന്ദീപും രാമുവും ബന്ധുക്കളാണ്. ഇവരുടെ വീടിന്  സമീപത്താണ് യുവതി താമസിച്ചിരുന്നത്.നേരത്തെ യുവതിയെ ബലാത്സംഗം ചെയ്യാൻ ഇവർ ശ്രമിച്ചിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്. 

അതേസമയം പൊലീസ് അന്വേഷണത്തില്‍ സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതിയില്‍ പൊതുതാത്പര്യഹര്‍ജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. പൊലീസ് തെളിവ് നശിപ്പിച്ചതായി യുവതിയുടെ കുടുംബം ആരോപിച്ചതിനാല്‍ നിഷ്പക്ഷ അന്വേഷണം സാധ്യമല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. അന്വേഷണം സിബിഐയ്ക്ക് കൈമാറണം. അല്ലെങ്കില്‍ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷിക്കണം. 

കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. ഇന്നലെ പെൺകുട്ടിയുടെ കുടുംബവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  വീഡിയോ കോണ്‍ഫറൻസിലൂടെ സംസാരിച്ചു.