ഹിന്ദു യുവതിയുടെ പരാതിയിൽ അറസ്റ്റിലായ യുവാക്കളുടെ വെളിപ്പെടുത്തൽ വലിയ വിവാദമായിരുന്നു
ഭോപ്പാൽ: സ്ത്രീകളെ വശീകരിച്ച് വരുതിയിലാക്കാൻ രണ്ട് യുവാക്കൾക്ക് പണം നൽകിയ കോൺഗ്രസ് കൗൺസിലർ ഒടുവിൽ കീഴടങ്ങി. മധ്യപ്രദേശിലെ ഇൻഡോറിൽ മൂന്ന് മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് കൗൺസിലർ അൻവർ കാദിരി ആണ് വെള്ളിയാഴ്ച ജില്ലാ കോടതിയിൽ കീഴടങ്ങിയത്. സ്ത്രീകളെ ഏത് വിധേനയും വശീകരിച്ച് വ്യഭിചാരവൃത്തിയിലേക്ക് എത്തിക്കാനായി കോൺഗ്രസ് കൗൺസിലർ പണം നൽകിയെന്ന് രണ്ട് യുവാക്കൾ വിശദമാക്കിയതിന് പിന്നാലെ വലിയ വിവാദമാണ് മധ്യപ്രദേശിലുണ്ടായത്. കീഴടങ്ങിയ അൻവർ കാദിരിയെ എട്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. നിരവധി കേസുകളിലാണ് കോൺഗ്രസ് കൗൺസിലറിന് ബന്ധമുള്ളതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ജൂൺ മാസത്തിൽ രണ്ട് യുവാക്കളുടെ വെളിപ്പെടുത്തലിന്റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് അൻവർ കാദിരിക്ക് എതിരെ കേസ് എടുത്തത്.
ഓരോ സ്ത്രീകൾക്കും 40000 രൂപ വീതമാണ് കോൺഗ്രസ് കൗൺസിലർ വാഗ്ദാനം ചെയ്തിരുന്നത്. ജൂൺ 11ന് രണ്ട് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ബലാത്സംഗത്തിനും ബലാത്സംഗത്തിന് പ്രേരിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. നേരത്തെ സംഭവത്തിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഗൂഡാലോചനയുടെ സൂത്രധാരൻ അൻവർ കാദിരിയാണെന്ന് വ്യക്തമായത്.
വെള്ളിയാഴ്ച താടിയും മീശയും അടക്കം വടിച്ച് രൂപം മാറിയാണ് ഇയാൾ കോടതിയിൽ കീഴടങ്ങാനെത്തിയത്. ആളെ തിരിച്ചറിഞ്ഞ നാട്ടുകാർ ഇയാൾക്കെതിരെ തിരിഞ്ഞതോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച മകൾ ആയിഷയെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്യാൻ ശ്രമിച്ച രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ നിന്ന് കിട്ടിയ വീഡിയോ പുറത്ത് വന്നതോടെയാണ് അൻവർ കാദിരി വിവാദത്തിലായത്. സ്ത്രീകളെ കുരുക്കുന്നതിന് 1 ലക്ഷം രൂപയും ഇവരെ വിവാഹം ചെയ്ത് നിർദ്ദേശിച്ച ചുമതലയിലെത്തിച്ചാൽ 2 ലക്ഷം രൂപ അധികമായും നൽകുമെന്നായിരുന്നു വാഗ്ദാനം.
