Asianet News MalayalamAsianet News Malayalam

'നീ ബീഫ് വിൽക്കുമോ?', അസമിൽ മുസ്ലിം വൃദ്ധനെ ആൾക്കൂട്ടം മർദ്ദിച്ചവശനാക്കി, പന്നിയിറച്ചി തീറ്റിച്ചു

'നീ ബംഗ്ലാദേശിയാണോ? ബീഫ് വിൽക്കാൻ ലൈസൻസുണ്ടോ', എന്ന് ചോദിച്ചാണ് ആൾക്കൂട്ടം വൃദ്ധനെ മർദ്ദിച്ചത്. 68 വയസ്സുള്ള ഷൗക്കത്ത് അലി എന്ന വൃദ്ധനാണ് ക്രൂര ആക്രമണത്തിന് ഇരയായത്. 

accused of selling beef old muslim man beaten in assam forced to eat pork
Author
Assam, First Published Apr 9, 2019, 11:29 AM IST

ബിശ്വനാഥ്, അസം: അസമിൽ മുസ്ലിം വൃദ്ധനെ ബീഫ് വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം വളഞ്ഞിട്ട് മർദ്ദിച്ചവശനാക്കി. അസം സ്വദേശിയായ ഷൗക്കത്ത് അലി എന്ന അറുപത്തിയെട്ടുകാരനെയാണ് ആൾക്കൂട്ടം ഒരു ദയയുമില്ലാതെ തല്ലി അവശനാക്കിയത്. 'നീ ബംഗ്ലാദേശിയാണോ? ബീഫ് വിൽക്കാൻ ലൈസൻസുണ്ടോ, പൗരത്വ റജിസ്റ്ററിൽ പേരുണ്ടോ? ഐഡിയെവിടെ?', എന്ന് ചോദിച്ചാണ് ആൾക്കൂട്ടം വൃദ്ധനെ മർദ്ദിച്ചത്. മുസ്ലിം വൃദ്ധനെ ആൾക്കൂട്ടം പോർക്ക് തീറ്റിച്ചതായും റിപ്പോർട്ടുകളുണ്ട്.

ചില യൂട്യൂബ് അക്കൗണ്ടുകളിലാണ് വൃദ്ധനെ ക്രൂരമായി മർദ്ദിച്ചെന്ന് ആരോപിച്ച് വീഡിയോ പുറത്തു വന്നത്. ഷൗക്കത്ത് അലിയുടേതായി പുറത്തു വന്ന വീഡിയോയിൽ മർദ്ദനമേറ്റ് അവശനായി വസ്ത്രത്തിൽ ചെളി പുരണ്ട് ആൾക്കൂട്ടത്തിന്‍റെ ചോദ്യങ്ങൾക്ക് മുന്നിൽ ഭയന്ന് മുട്ടു കുത്തി ഇരിക്കുന്നയാളെ കാണാം. ആക്രോശങ്ങൾക്ക് മറുപടി പറയാനാകാതെ നിൽക്കുകയാണ് വൃദ്ധൻ. 

ഷൗക്കത്ത് അലിയെ ഇപ്പോൾ സ്ഥലത്തെ സർക്കാരാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷൗക്കത്തിന്‍റെ സഹോദരന്‍റെ പരാതിയിൽ അസം പൊലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോയിൽ കണ്ടാൽ തിരിച്ചറിയുന്ന അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. 

അസം പൗരത്വറജിസ്റ്ററിന്‍റെ പേരിൽ വലിയ ധ്രുവീകരണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളത്. അനധികൃതപൗരൻമാരെ തിരിച്ചറിയാനാണ് ദേശീയ പൗരത്വറജിസ്റ്റർ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. എന്നാൽ പുറത്തു വന്ന പൗരത്വ റജിസ്റ്ററിൽ മൂന്നരക്കോടിയോളം അപേക്ഷകരുണ്ടായിരുന്നെങ്കിലും ആകെ 40 ലക്ഷത്തോളം പേർക്ക് മാത്രമാണ് പൗരത്വം ലഭിച്ചത്. 

തേസ്‍പൂർ ലോക്‍സഭാ മണ്ഡലത്തിലെ ഒരു പ്രദേശമാണ് അക്രമം നടന്ന ബിശ്വനാഥ്. ഏപ്രിൽ 11 - ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നയിടമാണ് ഈ മണ്ഡലം.

Follow Us:
Download App:
  • android
  • ios