ബോളിവുഡ് താരം വിശാൽ ബ്രഹ്മ 40 കോടി രൂപ വിലവരുന്ന നിരോധിത മയക്കുമരുന്നുമായി ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. 'സ്റ്റുഡന്‍റ് ഓഫ് ദി ഇയർ 2' എന്ന ചിത്രത്തിൽ അഭിനയിച്ച ഇയാളെ, സിംഗപ്പൂരിൽ നിന്ന് തിരിച്ചെത്തിയപ്പോൾ ഡിആർഐ ആണ് അറസ്റ്റ് ചെയ്തത്. 

ചെന്നൈ: നിരോധിത മയക്കുമരുന്നുമായി ബോളിവുഡ് താരം ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. 2019ൽ പുറത്തിറങ്ങിയ 'സ്റ്റുഡന്‍റ് ഓഫ് ദി ഇയർ 2' എന്ന ചിത്രത്തിൽ അഭിനയിച്ച നടൻ വിശാൽ ബ്രഹ്മ (32) ആണ് വെച്ച് 40 കോടി രൂപ വിലവരുന്ന മെത്തക്വലോൺ (Methaqualone) എന്ന നിരോധിത മയക്കുമരുന്നുമായി പിടിയിലായത്. അസം സ്വദേശിയായ വിശാൽ ബ്രഹ്മ സിംഗപ്പൂരിൽ നിന്ന് എയർ ഇന്ത്യ വിമാനം AI 347-ൽ ചെന്നൈയിൽ തിരിച്ചെത്തിയപ്പോഴാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (DRI) ഇയാളെ തടഞ്ഞതും മയക്കുമരുന്ന് പിടിച്ചെടുത്തതും.

പണത്തിന്‍റെ അത്യാവശ്യമുണ്ടായിരുന്ന വിശാലിനെ ഒരു നൈജീരിയൻ സംഘം ആണ് ഇതിലേക്ക് ആകർഷിച്ചതെന്ന് അന്വേഷണ വൃത്തങ്ങൾ വെളിപ്പെടുത്തി. കംബോഡിയയിലേക്ക് അവധിക്കാല യാത്രയ്ക്കായി ഇയാളെ പ്രേരിപ്പിച്ച ശേഷം, മടങ്ങിയെത്തുമ്പോൾ മയക്കുമരുന്ന് നിറച്ച ഒരു ട്രോളി ബാഗ് കൈവശം വയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ ഓപ്പറേഷന് പിന്നിലുള്ള നൈജീരിയൻ സംഘത്തെ പിടികൂടാൻ അന്വേഷണം വിപുലീകരിക്കാൻ അധികൃതർ ലക്ഷ്യമിടുന്നുണ്ട്.

നേരത്തെ അറസ്റ്റിലായ തെന്നിന്ത്യൻ നടന്മാർ

കഴിഞ്ഞ ജൂണിൽ കോളിവുഡ് അഭിനേതാക്കളായ കൃഷ്ണ, ശ്രീകാന്ത് എന്നിവരെയും നാർക്കോട്ടിക്സ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജൂൺ ആദ്യവാരം ഒരു നൈറ്റ് ക്ലബ്ബിലുണ്ടായ വഴക്കിനെ തുടർന്ന് ആരംഭിച്ച അന്വേഷണമാണ് മയക്കുമരുന്ന് കടത്ത്, ജോലി തട്ടിപ്പ്, ഭൂമി തട്ടിപ്പ് എന്നിവ ഉൾപ്പെടുന്ന വലിയൊരു നെക്സസ് വെളിപ്പെടുത്തിയത്. കൂടാതെ, പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ഉപയോഗിച്ച് പ്രസാദ് ആളുകളുടെ കോൾ വിവരങ്ങളും ലൊക്കേഷനുകളും ശേഖരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിരുന്നതായും പൊലീസ് അറിയിച്ചു. ഈ അന്വേഷണത്തെ തുടർന്ന് മധുരയിലെ സെന്തിൽ എന്ന ആംഡ് റിസർവ് ഹെഡ് കോൺസ്റ്റബിളിനെയും അറസ്റ്റ് ചെയ്തിരുന്നു.