സ്ക്രാപ്പിയാർഡിലേക്ക് മാറ്റിയ 19 വർഷം പഴക്കമുള്ള തന്‍റെ കാർ തിരികെ ലഭിക്കാൻ ഉടമയ്ക്ക് ദില്ലി ഹൈക്കോടതി അനുമതി നൽകി. 1.5 ലക്ഷം രൂപ ഫീസ് അടക്കണമെന്ന വ്യവസ്ഥയിലാണ് കോടതിയുടെ ഉത്തരവ്. 

ദില്ലി: സ്ക്രാപ്പിയാർഡിലേക്ക് മാറ്റിയ തന്‍റെ 19 വർഷം പഴക്കമുള്ള കാർ തിരികെ ലഭിക്കാൻ ഉടമയ്ക്ക് ദില്ലി ഹൈക്കോടതി അനുമതി നൽകി. ഇതിനായി 1.5 ലക്ഷം രൂപ ഫീസ് അടക്കണമെന്ന വ്യവസ്ഥയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് മിനി പുഷ്കർണയുടെ ഏകാംഗ ബെഞ്ചാണ് ഈ ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. "വീടുകളും, കാറുകളും, വളർത്തുമൃഗങ്ങളും നമ്മുടെ ജീവിതത്തിലെ പ്രധാന ഭാഗങ്ങളാണ്. അവയുമായി ആളുകൾ സ്ഥാപിക്കുന്ന വൈകാരിക ബന്ധങ്ങൾ അത്ര പെട്ടെന്ന് വേർപെടുത്താൻ കഴിയുന്നവയല്ല," എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

വിദേശത്ത് നിന്ന് കൊണ്ടുവന്ന 19 വർഷം പഴക്കമുള്ള കാറുമായി പ്രവാസിയായ രാജേശ്വർ നാഥ് കൗളിന് ആഴമായ ബന്ധമുണ്ടായിരുന്നു. കാറിന് നിശ്ചിത കാലാവധി കഴിഞ്ഞതിനെ തുടർന്ന് മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (MCD) അത് സ്ക്രാപ്പായി പ്രഖ്യാപിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. തന്‍റെ കാറിനോടുള്ള വൈകാരിക ബന്ധം കോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് കൗൾ ഹൈക്കോടതിയെ സമീപിച്ചത്. അദ്ദേഹത്തിന്‍റെ വൈകാരിക ബന്ധം അംഗീകരിച്ച കോടതി, വാഹനം പിടിച്ചെടുത്ത ദിവസങ്ങൾക്കുള്ള ഫീസ് അടക്കണമെന്ന വ്യവസ്ഥയിൽ വാഹനം തിരികെ നൽകാൻ ഉത്തരവിട്ടു.

കോടതിയുടെ നിരീക്ഷണം

"ഒരു വീട്, വാഹനം, വളർത്തുമൃഗങ്ങൾ എന്നിവയെല്ലാം ആളുകളുടെ ജീവിതത്തിന്‍റെ പ്രത്യേക ഭാഗമായി മാറിയിരിക്കുന്നു. ഈ വൈകാരിക ബന്ധം കാരണം ചിലപ്പോൾ അവർ സമൂഹത്തിന്‍റെയും നിയമങ്ങളുടെയും പരിധികൾ ലംഘിച്ചു പോയേക്കാം. അത്തരം സാഹചര്യങ്ങളിൽ, കോടതികളും ഒരു മയമുള്ള സമീപനം സ്വീകരിക്കുകയും ഇത്തരം കേസുകളെ മറ്റൊരു കാഴ്ചപ്പാടിൽ കാണുകയും വേണം" കോടതി ഉത്തരവിൽ പറഞ്ഞു. "നിയമപരമായി പരിഗണിക്കുകയാണെങ്കിൽ പോലും, വൈകാരികമായ വസ്തുക്കളെയും മൃഗങ്ങളെയും നിയമങ്ങൾക്കനുസൃതമായി സംരക്ഷിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട്," എന്നും കോടതി കൂട്ടിച്ചേർത്തു.