നടൻ പവൻ സിംഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ജ്യോതി സിംഗ് രംഗത്ത്. ശാരീരികവും മാനസികവുമായ പീഡനം നേരിട്ടെന്നും ഗർഭച്ഛിദ്ര ഗുളികകൾ നൽകിയെന്നും ജ്യോതി സിംഗ്.

മുംബൈ: നടൻ പവൻ സിംഗിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ജ്യോതി സിംഗ്. ഇന്ന് ഇരുവരും അവരവരുടെ ഭാഗം വിശദീകരിക്കാനായി വെവ്വേറെ മാധ്യമങ്ങളെ കണ്ടു. മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ജ്യോതി സിംഗ് ഭർത്താവിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചു. വിവാഹ ബന്ധത്തിൽ താൻ ശാരീരികവും മാനസികവുമായ പീഡനം നേരിട്ടതായി ജ്യോതി പറഞ്ഞു. കുഞ്ഞിനെ വേണമെന്ന് പറഞ്ഞിട്ടും പവൻ സിംഗ് ഗർഭച്ഛിദ്ര ഗുളികകൾ നൽകിയെന്ന് ജ്യോതി സിംഗ് പറഞ്ഞു.

"അദ്ദേഹം എനിക്ക് ഗർഭച്ഛിദ്ര ഗുളികകൾ തരുമായിരുന്നു. താൻ ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു എന്ന് അദ്ദേഹം പറയുന്നു, പക്ഷേ ശരിക്കും ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നയാൾ ഭാര്യയ്ക്ക് ഈ മരുന്നുകൾ നൽകില്ല. ഞാൻ എതിർത്തപ്പോൾ അദ്ദേഹം എന്നെ വല്ലാതെ ഉപദ്രവിച്ചു. അതുകൊണ്ടാണ് ഞാൻ പുലർച്ചെ രണ്ട് മണിക്ക് 25 ഉറക്കഗുളികകൾ കഴിച്ചത്"- ജ്യോതി സിംഗ് പറഞ്ഞു. ഇതോടെ രാത്രി വൈകി തന്നെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നുവെന്നും ജ്യോതി സിംഗ് പറഞ്ഞു.

അതേസമയം ജ്യോതിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് പവൻ സിംഗ് പറഞ്ഞു. തന്നെ കാണാൻ വന്നപ്പോൾ ജ്യോതിയോട് മാന്യമായാണ് പെരുമാറിയതെന്ന് പവൻ സിംഗ് പറഞ്ഞു. വിവാഹമോചന നടപടികൾ അവസാനിക്കുന്നത് വരെ തന്റെ വസതി വിട്ട് പോകാൻ ജ്യോതി വിസമ്മതിച്ചതായും നടൻ പറഞ്ഞു- "ഒരേ മേൽക്കൂരയ്ക്ക് കീഴിൽ താമസിച്ചുകൊണ്ട് ഒരു കേസ് നടത്താൻ കഴിയുമോ എന്ന് ഞാൻ ചോദിച്ചു. അവൾക്ക് ആവശ്യമുള്ള ഭക്ഷണം തയ്യാറാക്കാൻ ഞാൻ ജോലിക്കാരോട് ആവശ്യപ്പെട്ടു. ഞങ്ങൾ ഏകദേശം ഒന്നര മണിക്കൂർ സംസാരിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഞാൻ അവസരം നൽകണമെന്നായിരുന്നു ജ്യോതിയുടെ ഒരേയൊരു ആവശ്യം. അത് എന്‍റെ നിയന്ത്രണത്തിലുള്ള കാര്യമല്ല".

രണ്ട് മാസം മുൻപ് തന്നെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ജ്യോതി സിംഗ് സോഷ്യൽ മീഡിയയിൽ ഒരു വൈകാരിക കുറിപ്പ് പങ്കുവെച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പുറത്തറിഞ്ഞത്. പിന്നാലെയാണ് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുവരും രംഗത്തെത്തിയത്. നേരത്തെ പൊതുപരിപാടിയിൽ വച്ച് നടിയെ മോശമായി സ്പർശിച്ചതിനെ തുടർന്ന് വിവാദത്തിൽ പെട്ടയാളാണ് പവൻ സിംഗ്. സംഭവത്തിന്റെ വീഡിയോ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. മോശം അനുഭവം നേരിട്ടതിനെ തുടര്‍ന്ന് താനിനി ഭോജ്പുരി സിനിമയില്‍ അഭിനയിക്കില്ലെന്ന് പവന്‍ സിംഗിന്‍റെ അതിക്രമത്തിന് ഇരയായ നടി പറയുകയുണ്ടായി.