പൊലീസ് ഡിപ്പാർട്‍മെന്‍റിലെ അനീതിക്കെതിരെ ശബ്ദമുയർത്തിയിരുന്ന പുരൻ കുമാർ, ഒൻപത് പേജുള്ള കുറിപ്പ് എഴുതിവെച്ചിരുന്നു. ഈ കുറിപ്പിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകളുണ്ടെന്ന് സൂചന.
ചണ്ഡിഗഡ്: ഹരിയാന എഡിജിപി പുരൻ കുമാറിനെ (52) വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൊലീസ് ഡിപ്പാർട്‍മെന്‍റിലെ ജാതീയതയുൾപ്പെടെയുള്ള അനീതികൾക്കെതിരെ ശബ്ദമുയർത്തിയിരുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് പുരൻ കുമാർ. ചണ്ഡിഗഡിലെ വീട്ടിൽ തലയ്ക്ക് സ്വയം വെടിവച്ച നിലയിലാണ് കണ്ടെത്തിയത്. സുനാരിയ പൊലീസ് പരിശീലന കേന്ദ്രത്തിന്‍റെ തലവനായി ചുമതലയേൽക്കേണ്ടതിന്‍റെ തലേന്നാണ് ഈ സംഭവം. ഒൻപത് പേജുള്ള കുറിപ്പും വിൽപത്രവും എഴുതി വച്ചാണ് എഡിജിപി ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു.
2001 ഹരിയാന ബാച്ച് ഐപിഎസ് ഓഫീസറാണ് പുരൻ കുമാർ. സെക്ടർ 11-ലെ വീട്ടിലെ സൌണ്ട് പ്രൂഫ് സംവിധാനമുള്ള ബേസ്മെന്‍റിൽ വെച്ച് ഗൺമാന്‍റെ സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. 'കുറച്ച് ജോലിയുണ്ട്' എന്ന് പറഞ്ഞാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെ എഡിജിപി ഗൺമാനോട് സർവീസ് പിസ്റ്റൾ ആവശ്യപ്പെട്ടത്. സൌണ്ട് പ്രൂഫ് സംവിധാനമുണ്ടായിരുന്നതിനാൽ മകളോ, സുരക്ഷാ ജീവനക്കാരോ, വീട്ടിലെ ജോലിക്കാരോ, വെടിയൊച്ച കേട്ടില്ല. മകളാണ് ചോര വാർന്ന നിലയിൽ അച്ഛനെ ആദ്യം കണ്ടത്. കുറിപ്പ് കണ്ടെത്തി എന്ന് അറിയിച്ചതല്ലാതെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കുറിപ്പിൽ സർവീസിലുള്ളവരും വിരമിച്ചവരുമായ ചില ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. ഐഐഎം അഹമ്മദാബാദിലെ പൂർവ്വ വിദ്യാർത്ഥിയാണ്. പുരൻ കുമാറിന്‍റെ ഭാര്യ അംനീത് പി കുമാർ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ്. ഹരിയാന സർക്കാരിലെ സിവിൽ ഏവിയേഷൻ സെക്രട്ടറിയും വനിതാ ശിശുവികസന വകുപ്പ് കമ്മീഷണറുമാണ് അംനീത്. സംഭവം നടക്കുമ്പോൾ ഔദ്യോഗിക സന്ദർശനത്തിന്‍റെ ഭാഗമായി അവർ ജപ്പാനിലായിരുന്നു. ഇരുവർക്കും രണ്ട് പെണ്‍മക്കളാണുള്ളത്. ഒരാൾ വിദേശത്ത് പഠനം നടത്തുകയാണ്.
പരാതി നൽകിയത് പലവട്ടം
വിവേചനം ആരോപിച്ച് മുൻ ഹരിയാന ഡിജിപി മനോജ് യാദവിനെതിരെ പുരൻ കുമാർ നേരത്തെ പരാതി നൽകിയിരുന്നു. 2008ൽ പട്ടികജാതി വിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മീഷനിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥനെതിരെ പരാതി നൽകി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ചീഫ് ഇലക്ടറൽ ഓഫീസർ ദളിത് ഓഫീസർമാരോട് മുൻധാരണയോടെ പെരുമാറിയെന്ന് പുരൻകുമാർ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഭരിക്കുന്ന പാർട്ടിയോട് അടുത്തു നിൽക്കുന്നവരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെയും പുരൻ കുമാർ പരാതി നൽകിയിരുന്നു. സ്ഥാനക്കയറ്റം നിഷേധിക്കുന്നതിനെതിരെ ഹരിയാന സർക്കാരിനും അദ്ദേഹം പരാതി നൽകിയിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)


