Asianet News MalayalamAsianet News Malayalam

വിവാദങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ നാളെ ലക്ഷദ്വീപിൽ; കരിദിനം ആചരിക്കാൻ സേവ് ലക്ഷദ്വീപ് ഫോറം

ഐഷ സുൽത്താനയ്‍ക്കെതിരെ രാജ്യദ്രോഹ കേസ് നൽകിയതിനെ ചൊല്ലി, ബിജെപി ലക്ഷദ്വീപ് ഘടകത്തിൽ പൊട്ടിത്തെറി തുടരുന്നു. കേസ് കൊടുത്തതിനെ ന്യായീകരിച്ച് എ പി അബ്ദുള്ളക്കുട്ടി ബിജെപി കമ്മിറ്റിയിൽ നടത്തിയ സംഭാഷണം പുറത്ത് വന്നു.  

administrator praful patel arrives in lakshadweep on tomorrow
Author
Kavaratti, First Published Jun 13, 2021, 7:22 AM IST

കവരത്തി: വിവാദങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേൽ നാളെ ദ്വീപിലെത്തുമ്പോൾ കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. അതേസമയം, ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ് നൽകിയതിനെ ചൊല്ലി, ബിജെപി ലക്ഷദ്വീപ് ഘടകത്തിൽ പൊട്ടിത്തെറി തുടരുകയാണ്. കേസ് കൊടുത്തതിനെ ന്യായീകരിച്ച് എ പി അബ്ദുള്ളക്കുട്ടി ബിജെപി കമ്മിറ്റിയിൽ നടത്തിയ സംഭാഷണം പുറത്ത് വന്നു.  

ബിജെപി ലക്ഷദ്വീപ് സംസ്ഥാന നേതാക്കളുമായി പ്രഭാരി എ പി അബ്ദുള്ളക്കുട്ടി വാട്സാപ് വഴി നടത്തിയ മീറ്റിംഗിലെ സംഭാഷണമാണ് പുറത്ത് വന്നത്. ഐഷ സുൽത്താനയ്ക്കെതിരെ കേസ് കൊടുക്കാനുള്ള തീരുമാനം നേതൃത്വം ആലോചനകളില്ലാതെ നടത്തിയതാണെന്നും ലക്ഷ്ദ്വിപിൽ പാർട്ടിയ്ക്കെതിരായ വികാരം ശക്തമാണെന്നും നേതാക്കൾ യോഗത്തിൽ ആവശ്യപ്പെടുന്നുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനം പുനഃപരിശോധിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയിലും നേതാക്കൾ യോഗത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് മറുപടി നൽകിയ അബ്ദുള്ളക്കുട്ടി കേസ് പിൻവലിക്കാനാകില്ലെന്ന് നേതാക്കളെ അറിയിക്കുന്നുണ്ട്.

അബ്ദുള്ളക്കുട്ടി നടത്തിയ ഈ മീറ്റിംഗിന് പിറകെയാണ് വിവിധ ദ്വിപുകളിൽ നിന്ന് പ്രധാന ഭാരവാഹികളടക്കം കൂട്ടത്തോടെ രാജിവെച്ചത്. വിവിധ തലത്തിൽ പ്രതിഷേധം തുടരുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ ഫ്രഫുൽ പട്ടേൽ നാളെ ലക്ഷദ്വീപിലെത്തും. നാളെ 12.30 ന് അഗത്തിയിലെത്തുന്ന അ‍ഡ്മിനിസ്ട്രേറ്റർ ഈ മാസം 20 വരെ ദ്വീപിൽ തുടരും. വിവിധ മേഖലയിലെ സ്വകാര്യ വൽക്കണരണം, ടൂറിസം അടക്കമുള്ളവിഷയങ്ങളിൽ പ്രധാന തീരുമാനങ്ങൾ സന്ദർശനത്തിൽ ഉണ്ടാകുമെന്നും സൂചനയുണ്ട്. അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് പ്രതിഷേധം അറയിക്കാൻ സേവ് ലക്ഷദ്വീപ് ഫോറം ശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios