Asianet News MalayalamAsianet News Malayalam

കുറ്റവിമുക്തനാക്കിയ വിധിയിൽ സന്തോഷമെന്ന് അദ്വാനി, ചരിത്രവിധിയെന്ന് മുരളീ മനോഹർ ജോഷി

രാമജന്മഭൂമി പ്രസ്ഥാനത്തോടുള്ള തന്‍റെയും ബിജെപിയുടെയും ആത്മാർത്ഥത തെളിയിക്കപ്പെട്ടുവെന്നാണ് എൽ കെ അദ്വാനി പ്രതികരിച്ചത്. ഗൂഢാലോചനയില്ലെന്ന് തെളിഞ്ഞ ചരിത്രവിധിയെന്ന് മുരളീ മനോഹർ ജോഷിയും പ്രതികരിച്ചു.

advani and murali manohar joshi responds on babdi masjid demolition conspiracy verdict
Author
New Delhi, First Published Sep 30, 2020, 1:49 PM IST

ദില്ലി: ഒടുവിൽ സത്യം തെളിഞ്ഞെന്ന് 1992-ൽ ബാബ്റി മസ്ജിദ് തകർത്ത കേസിൽ ലഖ്‍നൗ കോടതി കുറ്റവിമുക്തനാക്കിയ ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി. രാമജന്മഭൂമി പ്രസ്ഥാനത്തോടുള്ള തന്‍റെയും പാർട്ടിയായ ബിജെപിയുടെയും വിശ്വാസവും ആത്മാർത്ഥതയും കോടതി വിധിയോടെ തെളിയിക്കപ്പെട്ടുവെന്നും അദ്വാനി പ്രതികരിച്ചു. ഗൂഢാലോചനയില്ലെന്ന് തെളിഞ്ഞ ചരിത്രവിധിയെന്ന് മുതിർന്ന ബിജെപി നേതാവ് മുരളീ മനോഹർ ജോഷിയും പ്രതികരിച്ചു.

''2019 നവംബറിൽ സുപ്രീംകോടതിയിൽ നിന്ന് വന്ന സുപ്രധാനവിധിയുടെ ചുവടുപിടിച്ച് രാമക്ഷേത്രനിർമാണം പുരോഗമിക്കുന്നുവെന്നതിൽ ഞാൻ അനുഗ്രഹീതനാണ്. അതുപോലെത്തന്നെ, ഇപ്പോഴീ വിധി വന്നതിലും സന്തോഷമുണ്ട്. ഓഗസ്റ്റ് 5-ന് രാമക്ഷേത്രത്തിന്‍റെ തറക്കല്ലിട്ടത് തന്‍റെ സ്വപ്നം പൂവണിഞ്ഞതിന് തുല്യമായിരുന്നു'', എന്ന് വീഡിയോ സന്ദേശത്തിൽ അദ്വാനി പറഞ്ഞു.

 "

1992 ഡിസംബർ 6-ന് ബാബ്റി മസ്ജിദ് പൊളിച്ചതിൽ ഒരു ഗൂഢാലോചനയുമില്ലായിരുന്നുവെന്ന് തെളിഞ്ഞുവെന്നാണ് മുരളീ മനോഹർ ജോഷി പറഞ്ഞത്. ''രാമജന്മഭൂമി പ്രസ്ഥാനത്തിന്‍റെ ഭാഗമായി അയോധ്യയിൽ നടത്തിയ റാലികളും പരിപാടികളും ഒന്നും ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല. ഞങ്ങളെല്ലാവരും വലിയ സന്തോഷത്തിലാണ്. ഇനി രാമക്ഷേത്രം നിർമിക്കുന്നതിന്‍റെ ആഹ്ളാദം എല്ലാവരും പങ്കുവയ്ക്കണം'', മുരളീ മനോഹർ ജോഷി വ്യക്തമാക്കി.

വിധിയെ എതിർത്ത് പ്രസ്താവന ഇറക്കുന്നവർ നിയമപരമായി കോടതി വിധിയെ  മാനിക്കാൻ പഠിക്കണമെന്നായിരുന്നു വിധിയെ സ്വാഗതം ചെയ്ത് വിഎച്ച്പി പറഞ്ഞത്. സമുന്നത നേതാക്കളെ കേസിൽ പെടുത്തിയത് കോൺഗ്രസിന്റെ ഗൂഢാലോചനയായിരുന്നുവെന്നും വിഎച്ച്പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിധിയെ സ്വാഗതം ചെയ്ത ആർഎസ്എസ്, വിധി എല്ലാവരും അംഗീകരിക്കണമെന്നും ആർഎസ്‍എസ് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ മതേതരമൂല്യങ്ങൾക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6-ലെ ബാബ്‍റി മസ്ജിദ് തകർക്കൽ. അന്വേഷണത്തിനായി രൂപീകരിച്ച ലിബറാൻ കമ്മീഷന്‍റെ റിപ്പോര്‍ട്ട് 17 വര്‍ഷം വൈകിയെങ്കിൽ, 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ് ഉൾപ്പടെ കേസിലെ 32 പ്രതികളെയും കോടതി വെറുതെവിട്ടു. 

Follow Us:
Download App:
  • android
  • ios